തൊടുപുഴ: പാതി വില തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി അനന്തുകൃഷ്ണന്‍ പണം നല്‍കിയവരെ കണ്ടെത്തി. രാഷ്ട്രീയ നേതാക്കള്‍ക്കും പണം കൈമാറിയിട്ടുണ്ട്. പലരുടെയും ഓഫീസ് സ്റ്റാഫ് വഴിയാണ് പണം കൈമാറിയതെന്നും കണ്ടെത്തി. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് രണ്ടുകോടി നല്‍കിയതായി കണ്ടെത്തി. സിഎസ്ആര്‍ ഫണ്ടിന്റെ പേരിലാണ് പാതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.

അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഫണ്ട് കൈമാറ്റ വിവരങ്ങള്‍ ലഭ്യമായത്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും കിട്ടി.

മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളില്‍ പിന്‍വലിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അനന്തുവിന്റെ വാട്‌സ്ആപ്പ് ചാറ്റ്, വോയ്‌സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

അതേസമയം, തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അനന്തു കൃഷ്ണന്‍ പ്രതിയായ കേസില്‍ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേള്‍ക്കും.

അഞ്ച് ദിവസം എറണാകുളം റൂറല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ് ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചത്. റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറല്‍ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബില്‍ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അനന്തുവിന്റെ ബാങ്ക് രേഖകളില്‍ സിഎസ്ആര്‍ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികള്‍ ലഭിച്ചെന്നും റൂറല്‍ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്‌സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.