- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഇന്‍ഫ്‌ലുവെന്‍സര്‍; അന്ന ഗ്രേസിന്റെ കുക്കിംഗ് വൈദഗ്ധ്യത്തിനൊപ്പം വിദേശ വിസാ കെണിയും; സോഷ്യല്‍ മീഡിയാ പരസ്യം കണ്ട് വിളിച്ച തിരുവനന്തപുരത്തുകാരിയെ വെട്ടിലാക്കിയത് യുകെ വിസ വാഗ്ദാനം ചെയ്ത്; ഓസ്ട്രേലിയന്‍ വിസയുടെ പേരിലും കബളിപ്പിച്ചു; 44 ലക്ഷം തട്ടിയ ദമ്പതികള്‍ക്കെതിരെ നാലിടത്ത് എഫ്.ഐ.ആര്
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോഴ്സുള്ള ഇന്‍ഫ്‌ലുവെന്‍സര്‍
തിരുവനന്തപുരം: മലയാളം സൈബറിടത്തില്‍ അറിയപ്പെടുന്ന വ്‌ലോഗറാണ് ഇപ്പോള്‍ വിസ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായിരിക്കുന്ന അന്ന ഗ്രേസ്. കുക്കിംഗ് വ്‌ലോഗര്‍ എന്ന നിലയിലാണ് ഇവരെ മലയാളികള്‍ക്കിടയില്‍ പരിചിതം. ഇവരുടെ കുക്കിംഗ് വീഡിയോകള്‍ വളരെ ശ്രദ്ധ നേടിയവയാണ്. അതുകൊണ്ട് തന്നെ സൈബറിടത്തില്‍ വളരെ പോപ്പുലറാണ് ഇവര്‍. അന്നുസ് ഫുഡ്പാത്ത് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. ഇത് കൂടാതെ അന്ന ജോണ്‍സണ്‍, സറ്റഡി വിത്ത് അന്ന എന്നിങ്ങനെയും ഇന്‍സ്്റ്റാ പേജുകള്‍ ഇവരുടേതായുണ്ട്. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്.
വ്‌ലോഗിംഗില്‍ വൈവിധ്യം എന്ന നിലയില്‍ കുക്കിംഗ് വീഡിയോകള്‍ക്കൊപ്പം സ്റ്റഡി അഡൈ്വസര്‍ എന്ന രീതിയിലും അന്നയുടെ വീഡിയോകള്‍ ചെയ്തിരുന്നു. ഇതില്‍ പലരും പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രമോഷന്‍ വീഡിയോകളുമാണ്. ഇതിനൊപ്പമാണ് സ്റ്റഡി വിത്ത് എന്ന എന്ന പേരില്‍ വിദേശ പഠനത്തിന് സഹയം ചെയ്തു കൊടുക്കും എന്ന വിധത്തിലും വീഡിയോകള്‍ എത്തിയത്. ഇതില്‍ യുകെയിലേക്ക് ഫാമിലി വിസ ശരിയാക്കാമെന്ന ഇവരുടെ പരസ്യത്തില്‍ വിശ്വസിച്ചു പണം കൊടുത്തവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന വിശ്വാസം മറയാക്കി പണം തട്ടിയെടുത്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തിരുവനന്തപുരം സ്വദേശിനി നല്‍കിയ കേസില്‍ അന്നയാണ് മുഖ്യപ്രതിയെങ്കിലും ഇവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഭര്‍ത്താവ് മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യര്‍ (51) ആണ് അറസ്റ്റിലായത്. ജോണ്‍സന്‌റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടയാണ് ഇയാള്‍ അറസ്റ്റിലായത്. ദമ്പതിമാര്‍ക്കെതിരെ സമാനമായ വിധത്തില്‍ വിസ വാഗ്ദാനം നല്കി നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം സ്വദേശിനിക്ക് യുകെയില്‍ കുടുംബ വിസ നല്‍കാം എന്നു പറഞ്ഞാണ് പണം തട്ടിയത്. 44 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഇവര്‍ വര്‍ക്ക് വിസ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും തട്ടിപ്പിന് ഇരയായ യുവതി പറയുന്നു. കുടുംബത്തോടെ യുകെയില്‍ പോകാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാണ്, നിങ്ങള്‍ക്ക് ജോലി ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പണം വാങ്ങിയത് നേരിട്ടായിരുന്നു, ജിഎസ്ടിയുടെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം തന്നാല്‍ മാത്രം മതി, മറ്റെല്ലാം ശരിയാക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. വ്യാജ മാരേജ് സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടാക്കുന്ന വ്യക്തിയാണ് അവരെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പണം വാങ്ങിയ ശേഷം നിങ്ങളുടെ ഡോക്യുമെന്റ് ശരിയായില്ല എന്നു വിസ റിജെക്ട് ചെയ്തുവെന്നാണ് പറഞ്ഞത്. പണം തിരികെ കിട്ടില്ലെന്നും പറഞ്ഞു. അതിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് വിസ തരപ്പെടുത്താമെന്നും ഭര്‍ത്താവിന് ജോലി തരപ്പെടുത്താന്‍ കഴിയുമെന്നും പറഞ്ഞു. ഇതോടെ മൂന്ന് മാസം കൊണ്ട് കടം തീര്‍ത്താമെന്നും പറഞ്ഞു. ഇതിന് ശേഷവും ആറ് ലക്ഷം കൊടുത്തു. എന്നിട്ടും വിസ ശരിയായില്ല. ഇതോടെ വഴക്കായതോടെ ഏത് പോലീസില്‍ പരാതിപ്പെട്ടാലും പണം നല്‍കില്ലെന്ന് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും തട്ടിപ്പിന് ഇരയായി യുവതി പറഞ്ഞു. സമാനമായ വിധത്തില്‍ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തങ്ങള്‍ തട്ടിപ്പു നടത്തിയിട്ടില്ലെന്നാണ് അന്ന പുതിയ വീഡിയോയുമായി രംഗത്തുവന്നിരിക്കുന്നത്. താന്‍ ഒളിവിലല്ലെന്ന് ന്യായീകരിക്കുന്ന വീഡിയോയില്‍ ഭര്‍ത്താവിനെതിരായ കേസും ശരിയല്ലെന്നാണ് അന്ന വാദിക്കുന്നത്. അതേസമയം അന്നയു മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്. അറസ്റ്റിലായ ജോണ്‍സണെ കോടതിയില്‍ ഹാജറാക്കും.
2023 ഓഗസ്റ്റ് മുതല്‍ 2024 മെയ് വരെയുള്ള കാലയളവിലാണ് 44.71675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി തട്ടിയെടുത്തത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
ഇവരുടെ മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതി പലപ്പോഴായി പണം നല്‍കുകയും ചെയ്തു. ഒടുവില്‍ വിസ ലഭിക്കാത്ത അവസ്ഥ വന്നതോടെ ചോദ്യം ചെയ്തപ്പോള്‍ ഉടന്‍ വരുമെന്ന് വിശ്വസിപ്പിച്ചു. ഇത് ആവര്‍ത്തിക്കപ്പെട്ടതോടയാണ് കബളിപ്പിക്കപ്പെട്ടുവെന്ന വിവരം യുവതിക്ക് മനസ്സിലായത്. ഇതോടയാണ് പരാതിയുമായി രംഗത്തുവന്നതും. സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്നയുടെയും ഭര്‍ത്താവിന്റെയും വിസാ തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരും.
സംസ്ഥാനത്ത് വേറെയും ആളുകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബിജു ആന്റണി, എസ് ഐ രാംകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരിജ, അരുണ്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, ലിന്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.