വടക്കാഞ്ചേരി: യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് പോലീസിന്റെ നിഗമനം. ആത്മഹത്യയാണ് കാരണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് അനൂപ് എഴുതിയ ആത്മഹത്യാ കുറിപ്പിലുള്ളത്. അതേസമയം ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ പോലീസ് അന്വേഷണം ഉണ്ടായേക്കും.

അനൂപ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. എപ്പോഴും സന്തോഷവാനായാണ് അദ്ദേഹത്തെ സുഹൃത്തുക്കലും ബന്ധുക്കളുമെല്ലാം കണ്ടത്. അങ്ങനെയൊരു വ്യക്തി എന്തിനാണ് ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം സംഗീത രംഗത്ത് അടക്കം സജീവമായിരുന്നു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും തന്റെ കലാസപര്യയില്‍ അനൂപ് മുഴുകുയിരുന്നു. 'ആദ്യമായ് കണ്ടനാള്‍/പാതിവിരിഞ്ഞുനിന്‍ പൂമുഖം...' ഞായറാഴ്ച വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാവിരുന്നില്‍ ഈ ഗാനം ആലപിച്ചാണ് അനൂപ് വെള്ളാറ്റഞ്ഞൂര്‍ മടങ്ങിയത്.

തൊട്ടടുത്ത ദിവസം തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസ് എടുത്തിരുന്നു. അധ്യാപനം ഇഷ്ടപ്പെട്ട വ്യക്തിയായ അനൂപ് പതിവുപോലെയാണ് വിദ്യാര്‍ഥികളുമായി സംവദിച്ചു ക്ലാസെടുത്തത്. എന്നാല്‍, തൊട്ടടുത്ത ദിവസം സംഗീതലോകത്തില്‍ നിന്നും അനൂപ് സ്വയം വിടവാങ്ങുകയായിരുന്നു. നഗരത്തിലെ ഫ്‌ലാറ്റില്‍ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടയ്ക്കയിലും ഗിറ്റാറിലും ഹാര്‍മോണിയത്തിലുമെല്ലാം അനൂപ് കൈവഴക്കം നേടിയിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും സോപാനസംഗീതവും കവിതയുമെല്ലാം പല വേദികളില്‍ അവതരിപ്പിച്ചു. ഞായറാഴ്ചത്തെ സംഗീതപരിപാടിക്കുശേഷം മടങ്ങുമ്പോള്‍ സുഹൃത്തുക്കളോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു- ''ജന്മനാടായ വെള്ളാറ്റഞ്ഞൂര്‍ എന്റെ പേരില്‍ക്കൂടി പ്രശസ്തമാകണം.'' പുതുതായി വാങ്ങിയ കാറിലായിരുന്നു ഈ വരവ്. വീട്ടുകാരുടെ കുട്ടനും നാട്ടുകാരുടെ അനൂപ് മാഷുമായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂര്‍.

ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്.

2019ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത 'പൂരം ജനിച്ചൊരുനാട്...' എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കുടുംബാംഗമാണ്.

തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാര്‍വതി. മക്കള്‍: പാര്‍വണ, പാര്‍ഥിപ്. സംസ്‌കാരം ഇന്ന് രാവിലെ വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പല്‍ നടന്നു. ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരനായിരുന്നു അനൂപിന്റെ വിയോഗത്തോടെ ബാന്‍ഡും അനാഥമായ അവസ്ഥയിലാണ്.