വൈപ്പിൻ: വീട്ടിൽ നിന്നും ഫുട്ബോൾ കളിക്കാൻ ടർഫിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ പോളിടെക്‌നിക് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിത്കുമാറിന്റെ മകൻ അർജുൻകുമാർ (17) ആണ് മരിച്ചത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് വിദ്യാർത്ഥിയായിരുന്നു അർജുൻ. അതേസമയം, അർജുൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നില്ലെന്നും, മറ്റാരോ മാനസികമായി സമ്മർദ്ദം ചെലുത്തിയതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കാനിരിക്കെ, ടർഫിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അർജുൻ വീട് വിട്ടിറങ്ങിയത്. ഉടനെ തിരിച്ചെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകുന്നേരമായിട്ടും വീട്ടിലെത്താതായതോടെ കുടുബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് തനിയെ നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എളങ്കുന്നപ്പുഴ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലാണ് കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നത്. അർജുൻ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നതിനാൽ ഏതെങ്കിലും ഗെയിം ടാസ്‌കിന്റെ ഭാഗമായാണോ കടലിൽ ചാടിയതെന്ന് പോലീസ് സംശയിക്കുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേയോ ഇല്ലാത്ത അർജുൻകുമാർ പണം ആവശ്യമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങാൻ സാധ്യതയില്ലെന്നാണ് വീട്ടുകാരുടെ വാദം.

സി.സി.ടി.വി. ദൃശ്യങ്ങളിൽ മൊബൈൽ ഫോൺ നോക്കിയ ശേഷം അർജുൻ അസ്വസ്ഥനാകുന്നത് കാണാമെന്ന് ബന്ധുക്കൾ പറയുന്നു. അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഭീഷണിയാണോ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം സംശയിക്കുന്നു. സാധാരണയായി അടുത്തുള്ള കടയിൽ പോലും ഒറ്റയ്ക്ക് പോകാത്ത അർജുൻ, നട്ടുച്ചയ്ക്ക് മൂന്ന് കിലോമീറ്റർ ദൂരം നടന്ന് ബീച്ചിലെത്തിയത് അസ്വാഭാവികമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

അർജുൻ്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. എല്ലാ മരണങ്ങളും ഓൺലൈൻ ഗെയിം ആസക്തിയുടെ പേരിൽ കെട്ടിവെക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. അർജുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോൺ പരിശോധിക്കുന്നതിലൂടെ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.