- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശുചിമുറിയിൽ പോയി വന്ന വീട്ടമ്മയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം; 70 ഗ്രാമിന്റെ മാല കവർന്നെന്ന് സംശയം; മുഖത്ത് സ്പ്രേ അടിച്ചെന്ന നാട്ടുകാരുടെ ആരോപണം തള്ളി പോലീസ്; തെളിവ് തേടി അന്വേഷണസംഘം; ജ്യോതിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ

ബെംഗളൂരു: ബെംഗളൂരുവിലെ ഹുസ്കൂരിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീടിന്റെ മുറ്റമടിക്കാൻ ഇറങ്ങുന്നതിന് മുൻപ് ശുചിമുറിയിൽ പോയി മടങ്ങിവന്ന വീട്ടമ്മയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.മാദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹുസ്കൂരിലാണ് സംഭവം. ഹുസ്കൂർ സ്വദേശി ജ്യോതി (45) ആണ് മരിച്ചത്. സംഭവത്തിൽ മാല പൊട്ടിക്കാനുള്ള മോഷണ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെയാണ് സംഭവം. വീടിന്റെ കോമ്പൗണ്ടിനുള്ളിലെ ശുചിമുറിയിൽ പോയി തിരികെ വന്ന ജ്യോതി കുഴഞ്ഞുവീഴുകയായിരുന്നു. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന 70 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. ജ്യോതിയുടെ മുഖത്ത് അജ്ഞാതർ എന്തോ സ്പ്രേ അടിച്ച ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞതാണെന്നും മോഷ്ടാക്കൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സ്പ്രേ പ്രയോഗം നടന്നതായി തെളിവില്ലെന്ന് പോലീസ്
സംഭവമറിഞ്ഞ ഉടൻ മാദനായകനഹള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡിസിപി നാഗേഷ് നേരിട്ട് സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ജ്യോതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നാട്ടുകാർ ആരോപിക്കുന്നത് പോലെ മുഖത്ത് സ്പ്രേ അടിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കാണാതായ സ്വർണ്ണാഭരണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. മരണം ദുരൂഹമായ സാഹചര്യത്തിൽ, വിക്ടോറിയ ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.


