- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ടൊയോട്ട ഇന്നോവ കാര്‍ പൊടുന്നനെ എടിഎം ക്യാഷ് വാനിന് കുറുകെ നിര്‍ത്തി വഴി തടഞ്ഞു; കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സുരക്ഷാജീവനക്കാരനെയും ജീവനക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കി; മിനിറ്റുകള്‍ക്കകം കവര്‍ന്നത് ഏഴുകോടി രൂപ; ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായി
ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായി
ബംഗളൂരു: ബംഗളുരുവില്‍, കേന്ദ്രനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എടിഎം ക്യാഷ് വാനില്‍ നിന്ന് കോടികള്‍ കവര്‍ന്നു. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പോവുകയായിരുന്ന ക്യാഷ് വാന്‍ തടഞ്ഞുനിര്‍ത്തി കോടിക്കണക്കിന് രൂപയാണ് സായുധരായ സംഘം കവര്‍ന്നത്. ഏകദേശം 7.11 കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം ഇങ്ങനെ
ചൊവ്വാഴ്ച ഉച്ചയോടെ ജയദേവ ഡയറി സര്‍ക്കിളിന് സമീപമാണ് നാടകീയമായ ഈ കവര്‍ച്ച അരങ്ങേറിയത്. സൗത്ത് എന്‍ഡ് സര്‍ക്കിളിനടുത്തെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോവുകയായിരുന്നു ഈ വാഹനം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജെപി നഗര്‍ ശാഖയില്‍ നിന്ന് പണവുമായി പുറപ്പെട്ട സിഎംഎസ് (CMS) ക്യാഷ് വാനാണ് കൊള്ളയടിക്കപ്പെട്ടത്. ടൊയോട്ട ഇന്നോവ കാര്‍ പെട്ടെന്ന് വാനിന് കുറുകെ നിര്‍ത്തി വഴി തടയുകയായിരുന്നു. സംഘം ജീവനക്കാരോട് തങ്ങള്‍ നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് തോക്കുധാരിയായ സുരക്ഷാ ജീവനക്കാരനെയും മറ്റ് ജീവനക്കാരെയും ഇവര്‍ ബലം പ്രയോഗിച്ച് പുറത്താക്കി. എന്നാല്‍ ഡ്രൈവറെ മാത്രം കൂടെകൂട്ടി. കവര്‍ച്ചക്കാര്‍ വാനുമായി ഡയറി സര്‍ക്കിള്‍ ഫ്‌ലൈഓവറിനടുത്തേക്ക് പോയി. അവിടെ വെച്ച് പണം അവരുടെ വാഹനത്തിലേക്ക് മാറ്റിയ ശേഷം മിനിറ്റുകള്‍ക്കകം സംഘം പണവുമായി കടന്നുകളയുകയായിരുന്നു.
ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഡിവിഷന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതിന് പിന്നില്‍ വലിയൊരു കൊള്ളസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വിശദമായ അന്വേഷണം: വ്യാജ നമ്പര്‍ പ്ലേറ്റ്
സംഭവസമയത്ത് ഡ്രൈവറും രണ്ട് സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ നാല് സിഎംഎസ് ജീവനക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇവരെ സിദ്ധാപുര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഇന്നോവ കാറിന് വ്യാജ നമ്പര്‍ പ്ലേറ്റാണ് (KA 03 NC 8052) ഉണ്ടായിരുന്നത്. ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഒരു മാരുതി സുസൂക്കി കാറിന്റേതാണ്. ഇത് കവര്‍ച്ച സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒന്നാണെന്ന് വ്യക്തമാക്കുന്നു.
നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
കൊറമംഗല, ദൊംലൂര്‍, മാരത്തഹള്ളി, വൈറ്റ്ഫീല്‍ഡ് വഴിയാണ് സംഘം ഹൊസകോട്ടെയിലേക്ക് കടന്നതെന്നാണ് പ്രാഥമിക സൂചന. കുറ്റവാളികള്‍ നഗരം വിട്ടുപോകാതിരിക്കാന്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍ നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എല്ലാ വഴികളിലും പരിശോധന തുടരുകയാണ്.




