ബെംഗളൂരു: ബെംഗളൂരു മഹാദേവപുരയിൽ ഡെലിവറി ഏജന്റിനെ മർദ്ദിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ജഗത് (28), ധർമ (20) എന്നിവരാണ് അറസ്റ്റിലായി റിമാൻഡിലായത്.

ബയ്പ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവരികയായിരുന്ന ഡെലിവറി ഏജന്റായ ദിലീപ് കുമാറിന്റെ വാഹനത്തിൽ തട്ടിയതിനെ തുടർന്ന് പ്രധാന റോഡിലൂടെ വന്ന ജഗതും ധർമയും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. സ്കൂട്ടർ യാത്രികർ താഴെ വീണതിന് പിന്നാലെ ദിലീപ് കുമാറിനെ മർദ്ദിക്കുകയായിരുന്നു.

അടിയേറ്റ ദിലീപ് കുമാർ താഴെ വീഴുകയും തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. എന്നാൽ, യുവാക്കൾ വീണ്ടും ദിലീപിനെ ആക്രമിക്കാൻ ശ്രമിച്ചു. യുവാക്കളിലൊരാൾ ഹെൽമറ്റ് ഉപയോഗിച്ച് ദിലീപിനെ അടിക്കുകയും തടയാനെത്തിയ നാട്ടുകാർക്ക് നേരെ തിരിയുകയും ചെയ്തു. ഇതോടെ ചില നാട്ടുകാർ യുവാക്കളെ കൈയേറ്റം ചെയ്യുകയായിരുന്നു.

നാട്ടുകാരുടെ ഭാഗത്ത് നിന്നും ആക്രമണം നേരിട്ടതോടെ യുവാക്കൾ തങ്ങളുടെ ബൈക്ക് ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഡെലിവറി ഏജന്റായ ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ റിമാൻഡ് ചെയ്തു.