തിരുവനന്തപുരം: ആറ്റിങ്ങലിൽ രാത്രി പട്രോളിങ് നടത്തിയ പൊലീസിനു നേരെ ട്രാൻസ്ജെൻഡർ സംഘത്തിന്റെ ആക്രമണം. വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് സതി, ഷെഫി, ഗൗരി, നയന, ഷെഫിന, കനക അനിൽകുമാർ, സായൂജ്യ, മഞ്ചമി, സഹസ്ര, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവരെല്ലാം ട്രാൻസ്ജെൻഡർമാരാണെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ചൊവ്വാഴ്ച പുലർച്ചെ 2.30-നാണ് ആക്രമണമുണ്ടായത്. മാമത്തും പരിസരപ്രദേശത്തും സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചതായും വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി പണം തട്ടുന്നതായും പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് പട്രോളിങ് കഴിഞ്ഞദിവസങ്ങിൽ ശക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ പട്രോളിങ് നടത്തിയ പൊലീസ് സംഘം മാമത്ത് ട്രാൻസ്ജെൻഡർമാർ കൂടിനിന്നു യാത്രക്കാരെ തടയാൻ ശ്രമിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ആറ്റിങ്ങൽ സ്റ്റേഷനിലെ എസ്‌ഐ. അഭിലാഷ്, പൊലീസുകാരായ സതീഷ്, നന്ദു, നിഖിൽ എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ട്രാൻസ്ജെൻഡർമാരോടു യാത്രക്കാരെ ശല്യപ്പെടുത്തരുതെന്നും അവിടെനിന്നു മാറിപ്പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഈ സമയം ഇവർ പൊലീസിനുനേരേ കയർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തേക്ക് കൂടുതൽ ട്രാൻസ്ജെൻഡർമാർ എത്തുകയും അതിലൊരാൾ പൊലീസ് വാഹനത്തിന്റെ പിന്നിലെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് എസ്‌ഐ.യെയും പൊലീസുകാരെയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഉടൻതന്നെ പൊലീസ് സംഘം വിവരം കൺട്രോൾറൂമിൽ അറിയിക്കുകയും വിവിധ സ്ഥലങ്ങളിൽനിന്ന് വനിതാ പൊലീസുകാരടക്കമുള്ള പട്രോളിങ് സംഘങ്ങൾ സ്ഥലത്തെത്തി അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മർദനമേറ്റ പൊലീസുകാർ വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി. പൊലീസുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ദേഹോപദ്രവമേല്പിച്ചു, പൊലീസ് വാഹനത്തിനു കേടുപാടുകൾ വരുത്തി എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.