- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തിന് വെല്ലുവിളിയായി ബെംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന രാസലഹരികള്‍; എത്തുന്നത് കൊറിയര്‍ വഴിയും സ്വകാര്യ വാഹനങ്ങളിലും; എംഡിഎംഎ നിര്‍മാണത്തിന്റെ രഹസ്യക്കൂട്ട് അറിയാവുന്നത് നൈജീരിയന്‍ സ്വദേശികള്‍ക്ക്; രഹസ്യകേന്ദ്രങ്ങള്‍ 'കുക്കിങ്'
കൊച്ചി: കടല്‍ മാര്‍ഗവും കൊറിയര്‍ സംവിധാനങ്ങളും ഉപയോഗിച്ച് ലഹരി കടത്തല്‍ തുടരുമ്പോള്‍, കേരളത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ബെംഗളൂരുവില്‍ നിന്നുള്ള രാസലഹരിയാണെന്ന് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എംഡിഎംഎ പോലുള്ള മാരക ലഹരികള്‍ ബംഗളൂരുവില്‍നിന്ന് വന്‍ തോതില്‍ കേരളത്തിലെത്തുന്നുവെന്ന് നിയമസംവിധാനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി മരുന്നുമായി പിടിയിലാകുന്ന പ്രതികള്‍ എല്ലാം തന്നെ മൊഴി നല്‍കുന്നത് ബെംഗളൂരുവില്‍ നിന്നാണ് എത്തിച്ചത് എന്നാണ്.
കൊറിയര്‍ സംവിധാനം കൂടാതെ സ്വകാര്യ വാഹനങ്ങിലും ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ കിട്ടുന്നു എന്നാണ്. ലഹരി മാഫിയക്ക് എതിരെ കേരള പോലീസ്, എക്സൈസ് വിഭാഗം, എന്‍സിബി തുടങ്ങിയ ഏജന്‍സികള്‍ ശക്തമായ പരിശോധനകള്‍ നടത്തുമ്പോഴും, ബെംഗളൂരുവില്‍നിന്ന് വരുന്നതിനെ നിയന്ത്രിക്കേണ്ടത് ഏറ്റവും വലിയ വെല്ലുവിളിയാകുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും ഗോവയില്‍നിന്നും എല്ലാം മയക്കമരുന്ന് എത്തുന്നുണ്ടെങ്കിലും ബെംഗളൂരുവില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ലഹരി എത്തുന്നത് എന്നാണ് കണ്ടെത്തല്‍.
ലഹരി വിപണിയില്‍ ഡിമാന്‍ഡ് കൂടുതലുള്ള എംഡിഎംഎ നിര്‍മാണത്തിന്റെ രഹസ്യക്കൂട്ട് അറിയാവുന്ന നൈജീരിയ സ്വദേശികളാണ് പ്രധാനമായും ബെംഗളൂരുവില്‍ ഇതിന്റെ നിര്‍മാതാക്കള്‍. പഠനത്തിനും മറ്റുമായി ഇന്ത്യയിലെത്തി വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തുടരുന്ന നൈജീരിയന്‍ സ്വദേശികളാണ് രഹസ്യകേന്ദ്രങ്ങളില്‍ 'കുക്കിങ്' (ലഹരി നിര്‍മാണം) നടത്തുന്നത്.
രാസവസ്തുക്കള്‍ ഡാര്‍ക്ക് വെബ് വഴിയും ക്രിപ്റ്റോ ഇടപാടിലൂടെയും ഓണ്‍ലൈനായി വാങ്ങുന്നു. വിദേശികള്‍ താമസിക്കുന്ന ബെംഗളൂരുവിലെ കേന്ദ്രങ്ങളില്‍നിന്നാണ് തെക്കേ ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് ലഹരി എത്തുന്നത്.ഗ്രാമിന് 1,000 രൂപയില്‍ താഴെ വിലവരുന്ന എംഡിഎംഎ കേരളത്തിലെത്തുമ്പോള്‍ 2000 മുതല്‍ 3000 വരെയാകും വില. ചില്ലറ വില്‍പ്പനക്കാരെയോ ഉപയോഗിക്കുന്നവരെയോ പിടികൂടിയാലും ഇവര്‍ക്ക് എത്തിച്ചു നല്‍കിയവരെക്കുറിച്ച് പലപ്പോഴും വിവരമൊന്നും കിട്ടില്ല.
കേരളത്തില്‍ വര്‍ഷം പതിനായിരക്കണക്കിന് ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ ഭൂരിഭാഗവും പിടിക്കപ്പെടുന്നത് ചില്ലറ വില്‍പ്പനക്കാരും ഉപയോഗിക്കുന്നവരുമാണ്. ചുരുക്കം ചില കേസുകളില്‍ മാത്രമാണ് ലഹരി നിര്‍മാണ കേന്ദ്രം നടത്തുന്ന നൈജീരിയന്‍ വംശജരെ പിടികൂടിയിട്ടുള്ളത്. ലഹരിക്കെതിരേ ബോധവത്കരണം ശക്തമാക്കുന്നതിനൊപ്പം ലഹരിയെത്തുന്ന വഴികള്‍ കൂടി അടയ്ക്കാന്‍ കഴിയാത്തത് നിലവിലെ പ്രതിസന്ധിയെ മയപ്പെടുത്തില്ല. ദക്ഷിണേന്ത്യയിലെ രാസലഹരി വിപണനത്തിന്റെ പ്രധാന കേന്ദ്രമായി ബെംഗളൂരു മാറിയിട്ട് വര്‍ഷങ്ങളായി.
പോലീസ്-എക്സൈസ് സംഘങ്ങളുടെ പരിമിതി മൂലം ഇവിടെ പിടികൂടുന്ന കേസുകളുടെ അന്വേഷണം ഇവിടെ ഒതുങ്ങുകയാണ്. നിര്‍മാണ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ കഴിയാറില്ല. രാസലഹരിക്കു പുറമേ കേരളത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ളവ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍നിന്നാണ് എത്തുന്നത്. ബസ്, ട്രെയിന്‍, കാര്‍ മാര്‍ഗം മലയാളികളായ ഏജന്റുമാരാണ് ഇവിടേയ്ക്ക് ലഹരിയെത്തിക്കുന്നത്. പരിശോധന വര്‍ധിപ്പിച്ചതോടെ കഞ്ചാവ് വരവിന് കുറവുവന്നിട്ടുണ്ട്. എന്നാല്‍, സിന്തറ്റിക് ലഹരിയുടെ വരവ് കൂടുകയാണ്.