തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാംപ്രതി. കേസില്‍ പ്രതി നാരായണദാസ് കുറ്റസമ്മതം നടത്തിയതോടെയാണ് ലിവിയ ജോസിനെ പ്രതിയാക്കിയത്. മയക്കുമരുന്ന് കേസില്‍ കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണെന്ന് നാരായണദാസ് വെളിപ്പെടുത്തി. കുടുംബ സാമ്പത്തിക തര്‍ക്കങ്ങളാണ് പ്രതികാരത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടത്തല്‍. വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് സംഘടിപ്പിച്ച് ഷീല സണ്ണിയുടെ സ്‌കൂട്ടറിലും വെച്ചത് ലിവിയ ജോസാണെന്നും താനും ലിവിയയും സുഹൃത്തുക്കളാണെന്നും നാരായണദാസ് വെളിപ്പെടുത്തി. കേസില്‍ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ലിവിയ ദുബായിലേക്ക് കടന്നു കളയുകയായിരുന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ കടന്നതെന്ന് പൊലീസ് കണ്ടെത്തി.

കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദുബായിലേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.

നാരായണ ദാസിന്റെ കുറ്റസമ്മത മൊഴി

നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജാസും സുഹൃത്തുക്കളായിരുന്നു. സാമ്പത്തികമായും കുടുംബപരമായും ഷീലയുമായി ലിവിയക്കും കുടുംബത്തിനും പ്രശ്‌നങ്ങളുണ്ടായിരുന്നു.

അങ്ങനെയാണ് ഷീലയെ കുടുക്കാന്‍ തീരുമാനിച്ചത്. നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന്റെ തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വച്ചു. അന്നു തന്നെ ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും വിശദമാക്കി.

തൊട്ടടുത്ത ദിവസം 27 ന് ഷീലയെ എക്‌സൈസ് സംഘം പിടികൂടുമ്പൊഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരുന്നു. പിന്നീട് മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. അതിന്റെ തലേന്ന് ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു.

സംഭവം ഇങ്ങനെ:

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയര്‍ന്നുവന്നത്. ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്‌ക്കോടതികളില്‍നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.

കേസ് ഇങ്ങനെ:

ചാലക്കുടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് 2023 ഫെബ്രുവരി 27നാണ് എക്‌സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു വലിയ വാര്‍ത്തയായി. ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്താണു ഷീലയുടെ ബ്യൂട്ടി പാര്‍ലര്‍. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്നും പാര്‍ലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്‌സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്‌സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ചെറിയൊരു അറയില്‍ 12 സ്റ്റാംപുകള്‍ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും സ്റ്റാംപുകള്‍ കാക്കനാട് റീജനല്‍ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമായിരുന്നു എക്‌സൈസ് വിശദീകരണം.