- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൂട ചൂടിയെത്തി ടെക്നോപാര്ക്കുകാരിയെ ഉപദ്രവിച്ചു; ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി പോലീസ് എത്തിച്ചേര്‍ന്നത് സൈക്കോ പീഡകനിലേക്ക്; മധുരയില്‍ പോലീസ് കണ്ടതും പീഡന ശ്രമം; കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ തനി നിറം പുറത്തെടുത്തു; ബെഞ്ചമിനെ കുടുക്കിയത് കഴക്കൂട്ടം ബ്രില്യന്‍സ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധുര സ്വദേശി ബെഞ്ചമിനെ കുടുക്കിയത് സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം. ഇതില്‍ നിന്നും പ്രതി ആരെന്ന് മനസ്സിലാക്കിയിരുന്നു. 200ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിനിടെയാണ് ട്രക്കിന്റെ സംശയകരമായ സാന്നിധ്യം പിടി കിട്ടിയത്. ഈ ട്രക്കിന്റെ ഡ്രൈവറെ പിന്തുടര്‍ന്നു. ഇത് നിര്‍ണ്ണായകമായി. റോഡില്‍ സ്ത്രീകളെ കണ്ടാല്‍ വെറുതെ വിടാത്ത മാനസിക വൈകൃതം ഇയാള്‍ക്കുണ്ടായിരുന്നു. സൈക്കോ പീഡനകനായിരുന്നു ഇയാള്‍.
ഈ ട്രക്കില്‍ ആദ്യമായാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. മധുരയില്‍നിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയില്‍ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികില്‍ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സര്‍വീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടത്. ഇതിന് മുമ്പ് അടുത്ത വീടുകളില്‍ നിന്നും മോഷണവും നടത്തി. ഇതിന് ശേഷം തന്ത്രപരമായി മുങ്ങി. ആറ്റിങ്ങല്‍ വഴിയാണ് മുധരയിലേക്ക് തിരിച്ചു പോയത്. പോലീസ് മധുരയില്‍ എത്തുമ്പോഴും തെരുവില്‍ കിടക്കുകയായിരുന്ന സ്ത്രീയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പോലീസിനെ കണ്ട് ഇയാള്‍ ഓടി. പിന്നീട് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പൊക്കി. ഇതോടെയാണ് ഇയാളുടെ ക്രമിനല്‍ പശ്ചാത്തലം തെളിഞ്ഞത്.
വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തി ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ട്രക്ക് കണ്ടെത്തിയതോടെ ആ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെ പ്രതിയാരെന്ന് വ്യക്തമാകുകയും ചെയ്തു. പുലര്‍ച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. പ്രതി സ്ഥിരം മോഷണങ്ങള്‍ നടത്തുന്നയാളാണ്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന പതിവുമുണ്ടെന്നു പൊലീസ് പറയുന്നു.
കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി ബലാത്സംഗം ചെയ്ത പ്രതി ഹോസ്റ്റലില്‍ കയറും മുന്‍പ് മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയതായി പൊലീസ് പറയുന്നു. മധുര സ്വദേശി ബെഞ്ചമിനാണ് കഴക്കൂട്ടത്തെ മൂന്ന് വീടുകളില്‍ കയറിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ നിന്ന് ഹെഡ്‌ഫോണും മറ്റൊരു വീട്ടില്‍ നിന്ന് കുടയും മോഷ്ടിച്ചു. ഈ കുട കൊണ്ട് മുഖം മറച്ചാണ് പ്രതി അതിജീവിത താമസിച്ച ഹോസ്റ്റല്‍ മുറിയില്‍ കയറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരിയെ മുറിയില്‍ അതിക്രമിച്ച് പ്രതി ബലാല്‍സംഗം ചെയ്യുന്നത്. രാത്രി ജോലി കഴിഞ്ഞ് സഹതാമസക്കാര്‍ വരുമെന്നതിനാല്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പ്രധാന വാതിലോ യുവതി താമസിക്കുന്ന മുറിയുടെ വാതിലോ ലോക്ക് ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അതിജീവിത പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് 35 വയസ്സുകാരനായ മധുര സ്വദേശി ബെഞ്ചമിനാണ് പ്രതിയെന്ന വിവരം പൊലീസ് പുറത്തുവിട്ടത്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. തെരുവില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത് ഇയാളുടെ പതിവ് രീതിയാണെന്നും പൊലീസ് പറയുന്നു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഡിസിപി, ടി.ഫറാഷ് പറഞ്ഞു.
മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റലില്‍ കയറിയതെന്നാണ് ബെഞ്ചമിന്റെ (35) വെളിപ്പെടുത്തല്‍. അകത്തുനിന്നു കുറ്റിയിടാതിരുന്ന മുറിയില്‍ കയറി, ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ, ശബ്ദിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇറങ്ങിയോടി. ഹോസ്റ്റലില്‍ സെക്യൂരിറ്റി ജീവനക്കാരനോ സിസിടിവി ക്യാമറയോ ഇല്ലെന്നു മനസ്സിലാക്കിയാണ് അവിടെ കയറിയതെന്നും പ്രതി വെളിപ്പെടുത്തി.
തമിഴ്‌നാട്ടില്‍നിന്ന് സാധനങ്ങളുമായി ലോറിയില്‍ വെള്ളിയാഴ്ച വൈകിട്ടാണു തോന്നയ്ക്കലില്‍ എത്തിയത്. അവിടെയുള്ള ഗോഡൗണില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം സന്ധ്യയോടെ കഴക്കൂട്ടത്തെത്തി. അവിടെ എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയ്ക്കു സമീപം ലോറി ഒതുക്കിയിട്ട ശേഷം ബാറില്‍ കയറി മദ്യപിച്ചു. തുടര്‍ന്നു പരിസരപ്രദേശങ്ങളില്‍ കറങ്ങിനടന്നു. പിന്നീട് ലോറിയില്‍ കിടന്നുറങ്ങി. രാത്രി12മണിയോടെ ഉണര്‍ന്ന് മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇടറോഡിലൂടെ നടന്നു. ഏതാനും വീടുകളുടെ പരിസരങ്ങളില്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇരുനില ഹോസ്റ്റലില്‍ വെളിച്ചം കണ്ടത്. അവിടെ കയറിയപ്പോള്‍ താഴത്തെ നിലയിലെ ഒരു മുറിയുടെ വാതില്‍ ചാരിയ നിലയില്‍ കണ്ടു.
സെക്യൂരിറ്റി ജീവനക്കാരനോ സിസിടിവി ക്യാമറയോ ഇല്ലെന്നു മനസ്സിലാക്കി മുറിയില്‍ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. യുവതി ഉണര്‍ന്ന് നിലവിളിച്ചപ്പോള്‍ കടന്നുകളഞ്ഞു. ബൈപാസില്‍ എത്തി കുറച്ചുനേരം ചെലവഴിച്ച ശേഷം ലോറിയുമായി മധുരയിലേക്കു മടങ്ങി. സംഭവത്തില്‍ താന്‍ പിടിക്കപ്പെടും എന്നു കരുതിയില്ലെന്നും ബെഞ്ചമിന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഹോസ്റ്റലില്‍ മറ്റു വനിതകള്‍ ഉണ്ടായിരുന്നെങ്കിലും പീഡനത്തിനിരയായ യുവതി മുറിയില്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ആക്രമണത്തില്‍ ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. അവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് അസി. കമ്മിഷണര്‍ പി.അനില്‍കുമാറിന്റെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.