- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ കുടുംബത്തില്‍ ജനനം; ഇരിങ്ങാലക്കുടയിലെ ബാങ്കില്‍ അസി മാനേജര്‍; ഊഹകച്ചവടത്തില്‍ ഷെയര്‍ ട്രേഡിംഗിനിറങ്ങി ദ്രുത ഗതിയില്‍ വളര്‍ച്ച; കള്ളപ്പണം വരെ വെളുപ്പിച്ചു! പണം നല്‍കാതെ വിദേശത്തേക്ക് മുങ്ങിയ ക്രിമിനല്‍ ബുദ്ധി; ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ ചെറുമീനല്ല; ഇഡിയും പരിശോധനകളില്‍
ഇരിങ്ങാലക്കുട: വ്യാപാര ഷെയറുകളുടെ മറവില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിടും. കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും. കേരളത്തില്‍ എവിടെയെങ്കിലും കടല്‍മാര്‍ഗമോ വിമാനമാര്‍ഗമോ തിരിച്ചെത്തിയാല്‍ അറസ്റ്റു ചെയ്യും. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള എക്കോണമിക് ഒഫന്‍സ് വിങിന് കേസ് കൈമാറിയേക്കും. ബില്യണ്‍ ബീസ് കമ്പനിക്കെതിരേ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും പരിശോധന നടത്തുന്നുണ്ട്. ഇഡിയും അന്വേഷണം നടത്തും. അതേസമയം വന്‍തുക നിക്ഷേപിച്ച പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. വരുമാനം സംബന്ധിച്ച അന്വേഷണം വരുമെന്ന് ഭയന്നാണിതെന്നറിയുന്നു. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം കൂടുതല്‍ നിര്‍ണ്ണായകമാകുന്നത്.
2018-ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരേയാണ് ആരോപണങ്ങള്‍. കമ്പനി ഉടമകളായ നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജെയ്ജ, സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ബിബിനും ഭാര്യ ജെയ്ജയും വിദേശത്തേക്ക് കടന്നതായാണ് സൂചന. സുബിന്‍ ഒളിവിലാണ്. നിക്ഷേപിക്കുന്ന പണത്തിന് നിക്ഷേപകര്‍ക്ക് ചെക്ക് നല്‍കിയിരുന്നു. ഏത് സമയത്തും പിന്‍വലിക്കാമെന്നും രണ്ട് ദിവസം മുമ്പ് തങ്ങളെ അറിയിച്ചാല്‍ പണം തിരിച്ചുനല്‍കാമെന്നും ബിബിന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വെറു വ്യാജ വാഗ്ദാനമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ പ്രധാന കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ് ഇപ്പോള്‍. നിലവില്‍ 1.96 കോടി രൂപയുടെ ഒരു പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ രണ്ടുകോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ശനിയാഴ്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പോലീസെടുത്ത കേസും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. ഇതോടെ ആറുപരാതികളില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ ഇഡിക്ക് വിഷയത്തില്‍ ഇടപെടാം. ജില്ലയില്‍നിന്നുള്ള 32 പേര്‍ ഒപ്പിട്ട പരാതിയാണ് കമ്പനിക്കെതിരേ നേരത്തെ പോലീസിന് ലഭിച്ചത്. ആഡംബരജീവിതം നയിച്ചിരുന്ന ബിബിനും കുടുംബവും ഷെയര്‍ട്രേഡിങ്ങിന്റെ മറവില്‍ നടത്തിയിരുന്നത് ഊഹക്കച്ചവടമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഊഹക്കച്ചവടത്തിലൂടെ പണം നഷ്ടപ്പെട്ടതാണോ മറിച്ച് മറ്റേതെങ്കിലും രീതിയില്‍ പണം മാറ്റിയോ എന്നതാണ് കണ്ടെത്തേണ്ടത്.
ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിക്ഷേപത്തട്ടിപ്പില്‍ കള്ളപ്പണ ഇടപാടുകളും നടന്നതായി സൂചന നല്‍കുന്ന ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളുടെ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കള്ളപ്പണത്തിന്റെ സൂചനകളാണ് ശബ്ദരേഖയിലുള്ളത്. ഇങ്ങനെ വരുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ നാല് ഏജന്‍സികളുണ്ടായിരുന്നതായും അവര്‍ അത് ബിബിന്റെ അക്കൗണ്ടിലേക്ക് കൈമാറുമെന്നും അവിടെനിന്നാണ് നിക്ഷേപകര്‍ക്ക് പണം കൈമാറ്റം ചെയ്തിരുന്നതെന്നും പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച ബിബിന്റെയും കുടുംബത്തിന്റെയും വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് ഊഹക്കച്ചവടത്തില്‍ ഇറങ്ങുന്നത്. ബാങ്കിലെത്തിയിരുന്ന പരിചയക്കാരായ നിക്ഷേപകരില്‍നിന്ന് പണം സ്വീകരിച്ചായിരുന്നു തുടക്കം. പ്രവാസികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് ഷെയര്‍ ട്രേഡിങ്ങിലേക്ക് ആകര്‍ഷിച്ച് ഊഹക്കച്ചവടത്തിലൂടെ വന്‍ ലാഭം നേടിക്കൊടുത്തു. വിശ്വാസം വര്‍ധിച്ചപ്പോള്‍ ബിബിന്റെ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. തുടര്‍ന്നാണ് ഇയാള്‍ ജോലി ഉപേക്ഷിച്ച് ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
ലാഭവിഹിതത്തിന്റെ പകുതി ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വരൂപിച്ചു. കേരളത്തിന്റെ പല ഭാഗത്തും ബ്രാഞ്ചുകള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് വന്‍ തുക പലിശ നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ആളുകളെത്തി. ദുബായില്‍ പ്രധാന സ്ഥലത്ത് വലിയ തുകയ്ക്ക് കെട്ടിടം വാടകയ്‌ക്കെടുത്താണ് കമ്പനിയുടെ ശാഖ ആരംഭിച്ചു. കഴിഞ്ഞ മാസം വരെ ആളുകളില്‍നിന്ന് പണം സ്വീകരിച്ചു. നിക്ഷേപിച്ച തുക മടക്കിച്ചോദിക്കുമ്പോള്‍ കുറച്ചുകൂടി തുക നിക്ഷേപിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ പണവും തിരിച്ചുനല്‍കാമെന്നു പറഞ്ഞു. പക്ഷേ അതൊന്നും നടന്നില്ല.