- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ സന്ധ്യാനേരത്ത് എത്തി യുവതിയെ കീഴ്പ്പെടുത്തി; കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി; സിഐ ബിനു തോമസിന്റെ 32 പേജ് ആത്മഹത്യാക്കുറിപ്പില്‍ പേര് വെളിപ്പെടുത്തി; പീഡനത്തിന് കൂട്ടുനില്ക്കാന് ബിനുവിനെയും നിര്‍ബന്ധിച്ചു; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്‍
വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്‍
പാലക്കാട്: നവംബര്‍ 15-ന് ജീവനൊടുക്കിയ പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസി(52)ന്റെ ആത്മഹത്യാക്കുറിപ്പില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ 32 പേജ് വരുന്ന ആത്മഹത്യാക്കുറിപ്പില്‍ പേരെടുത്തു പറയുന്നത് കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിന്റെ ഞെട്ടിക്കുന്ന പ്രവൃത്തികളാണ്. സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ കഴിയാത്ത ലൈംഗിക പീഡന ആരോപണങ്ങളാണ് അന്തരിച്ച സിഐ തന്റെ കുറിപ്പിലൂടെ തൊടുത്തവിട്ടിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പിയുടെ പേരുള്ളത്. 2014ല്‍ സിഐ ആയിരുന്ന നിലവില്‍ ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തല്‍. അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും 2 മക്കളുമുളള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്‌പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക് മുന്‍പില്‍ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാര്‍ഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. തൊട്ടില്‍പ്പാലം സ്വദേശിയാണ് 52കാരനായ ബിനു.
ഡിവൈഎസ്പിക്ക് മുന്നില്‍ യുവതി വഴങ്ങേണ്ടി വന്നു
2014-ല്‍ പാലക്കാട് ജില്ലയില്‍ സര്‍വീസിലിരിക്കെ നടന്ന സംഭവങ്ങളാണ് ബിനു തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്. കേസ് പുറത്തറിയാതിരിക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക് മുന്നില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ! പോലീസ് ഉദ്യോഗസ്ഥന് വഴങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നുവെന്ന് ബിനു തോമസ് കുറിപ്പില്‍ പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള 'ഡീല്‍' ആയിരുന്നു ഇതെന്നും സിഐ വെളിപ്പെടുത്തുന്നു.
യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തന്നെയും ഡിവൈഎസ്പി ഉമേഷ് നിര്‍ബന്ധിച്ചു എന്ന ഗുരുതരമായ ആരോപണവും ബിനു തോമസ് തന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഉന്നതര്‍ ചേര്‍ന്ന് കുറിപ്പ് പൂഴ്ത്തിയോ?
ചെര്‍പ്പുളശ്ശേരി സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് തൊട്ടില്‍പ്പാലം സ്വദേശിയായ ബിനു തോമസിനെ കണ്ടെത്തിയത്. 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആരോപണവിധേയനായ ഡിവൈഎസ്പി ഉമേഷിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമല്ല.




