- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി 'ബ്ലാക്ക് ലൈന്‍' ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെ
സോഷ്യല്‍ മീഡിയ വഴി 'ബ്ലാക്ക് ലൈന്‍' ഓണ്‍ലൈന്‍ തട്ടിപ്പ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് എത്ര വട്ടം ബോധവത്കരണം നടത്തിയാലും അതില്‍ പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഏറുന്നതല്ലാതെ കുറയുന്നില്ല. സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. ഏറ്റവും ഒടുവിലായി ആളുകളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് ബ്ലാക്ക് ലൈന്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പാണ്.
ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ പേരിലാണ് പുതിയ ലോണ്‍ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് ലോണ്‍ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങളില്‍ ഒന്നാണിത്.
ബ്ലാക്ക് ലൈന്‍ തട്ടിപ്പ് ഇങ്ങനെ
വായ്പ ആവശ്യപ്പെടുന്നവരില്‍ നിന്നും പ്രോസസ്സിംഗ് ഫീ, നികുതി മുതലായവ ആദ്യം ആവശ്യപ്പെടും. അധികമായി അടച്ച ഈ തുക ലോണ്‍ തുകയോടൊപ്പം മടക്കി നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്. ഇത്തരത്തില്‍ വിശ്വാസ്യത നേടിയെടുത്തശേഷം ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി.
സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃത ബാങ്കുകളില്‍ നിന്ന് മാത്രം ആവശ്യമെങ്കില്‍ ലോണ്‍ സ്വീകരിക്കുക. നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോണ്‍ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കുക.
കണ്ണൂരില്‍ മാസത്തില്‍ 200 ലേറെ തട്ടിപ്പ്
വിഷു, ഈസ്റ്ററിനോടനുബന്ധിച്ച് കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ ലഭ്യമാക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ കൂടുതല്‍ നടക്കുന്നത്. അതേസമയം, ട്രാഫിക് ലംഘനത്തിനു പിഴയുണ്ടെന്നു വാട്‌സാപ്പില്‍ സന്ദേശം ലഭിക്കുകയും ചെക്ക് ചെയ്യാനെന്നു പറഞ്ഞു നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മട്ടന്നൂര്‍ സ്വദേശിക്കു നഷ്ടമായത് 22,000 രൂപ. ട്രാഫിക് ലംഘനത്തിനു മോട്ടോര്‍ വാഹന വകുപ്പാണു സന്ദേശം അയയ്ക്കാറുള്ളത് എന്നറിയാതെയാണു തട്ടിപ്പിനിരയായയാള്‍ ലിങ്ക് ക്ലിക്ക് ചെയ്തതും പണം നഷ്ടമായതും. സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പാര്‍ട്ട് ടൈം ജോലിയെന്ന വഞ്ചനയില്‍പെട്ടാണു കൂത്തുപറമ്പ് സ്വദേശിനിക്ക് 10,560 രൂപ നഷ്ടമായത്.
വിവിധ അക്കൗണ്ടുകളിലേക്കു പണം നല്‍കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലി തട്ടിപ്പില്‍പ്പെട്ടു കണ്ണൂര്‍ സിറ്റി സ്വദേശിക്ക് 36,560 രൂപയും നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ ലോണ്‍ ലഭിക്കാനുള്ള വിവിധ ചാര്‍ജുകള്‍ എന്ന തട്ടിപ്പില്‍പ്പെട്ട് കൊളവല്ലൂര്‍ സ്വദേശിക്ക് നഷ്ടമായത് 14,404 രൂപ. ക്രെഡിറ്റ് കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാമെന്ന വ്യാജേന ബാങ്കില്‍നിന്നുള്ള ഫോണ്‍ വന്നപ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറിയ വളപട്ടണം സ്വദേശിക്ക് 17,500 രൂപ നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഒടിപി കൈമാറിയ കൂത്തുപറമ്പ് സ്വദേശിക്ക് 19,999 രൂപയും നഷ്ടമായി.
പൊലീസിന്റെ മുന്നറിയിപ്പ്
സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വന്‍ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.
തുടര്‍ന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്.
പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. WWW.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.