പത്തനംതിട്ട: ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ ബ്ലേഡ് മാഫിയയുടെ വിളയാട്ടം. ഇവരുടെ കെണിയില്‍ വീണവര്‍ ആത്മഹത്യയുടെ വക്കില്‍. പോലീസില്‍ പരാതിപ്പെട്ടാല്‍ ചെക്ക് കേസില്‍ കുടുക്കുമെന്ന ഭീഷണി മൂലം വീട്ടമ്മാര്‍ ആകെ നട്ടം തിരിയുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ പിന്തുണയോടെയും ഗുണ്ടകളുടെ അകമ്പടിയോടെയും പലിശ സാമ്രാജ്യം അടക്കി വാഴുന്നു. ഓപ്പറേഷന്‍ കുബേര നിലച്ചത് ഇവര്‍ക്ക് സഹായകരമായി. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയരുന്നു.

അടൂര്‍ കേന്ദ്രീകരിച്ചാണ് ബ്ലേഡ് മാഫിയ വിലസുന്നത്. അടൂര്‍ താലൂക്കില്‍ നെല്ലിമുകള്‍, കടമ്പനാട് കേന്ദ്രീകരിച്ചാണ് ഇവരുടെ വിളയാട്ടം. പഴകുളം സ്വദേശിനിയാണ് ഇവിടെ പണം പലിശയ്ക്ക് കൊടുക്കുന്നത്. മറയായി ഇവര്‍ക്ക് മത്സ്യവ്യാപാരവുമുണ്ട്. ചെറുകിട വ്യാപാരികള്‍, തട്ടുകടക്കാര്‍, വീട്ടമ്മമാര്‍ എന്നിവരാണ് പ്രധാന ഇരകള്‍. അത്യാവശ്യത്തിന് സമീപിക്കുന്നവരില്‍ നിന്ന് ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടും ഒപ്പിട്ടു വാങ്ങി പണം നല്‍കും. ഒരു ലക്ഷം രൂപയ്ക്ക് 36 ശതമാനം പലിശ വരെ ഈടാക്കുന്നു.

3000 രൂപ വരെ പ്രതിദിന പലിശ ഈടാക്കുന്ന വട്ടിക്കൊള്ളക്കാരുണ്ട്. മറ്റൊരാളുടെ പണമാണെന്നും താന്‍ ഇടനില നിന്ന് വാങ്ങിത്തരുന്നതാണെന്നുമാണ് പണം നല്‍കുന്നയാള്‍ പറയുന്നത്. പണം കൊടുക്കുന്ന ദിവസം മുതല്‍ പലിശ അടച്ചു കൊള്ളണം. ഗഡുക്കളായി വാങ്ങിയ തുക അടയ്ക്കാമെന്ന് സമ്മതിച്ചാലും പ്രതിദിന പലിശ 3000 രൂപ നിര്‍ബന്ധമായും കൊടുക്കണം. ഇത്തരത്തില്‍ ഇവരില്‍ ഒരാളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ യുവസംരംഭക ഇപ്പോള്‍ 40 ലക്ഷം രൂപയുടെ കടക്കാരിയാണ്.

ഒരിക്കല്‍ ബ്ലേഡ് സംഘത്തിന് മുന്നില്‍ തല വച്ചു കൊടുത്താല്‍ പിന്നീട് രക്ഷയില്ല. അവര്‍ പറയുന്ന പണം പലിശ കൊടുക്കേണ്ടി വരും. പലിശ മുടങ്ങിയാല്‍ വിളി വരും. വാട്സാപ്പ് കാളാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ കാള്‍ വിളിച്ചാല്‍ റെക്കോഡ് ചെയ്യുമെന്ന ഭയത്താലാണ് ബ്ലേഡുകാര്‍ വാട്സാപ്പ് വിളിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, പലിശ യുപിഐ അക്കൗണ്ട് വഴി കൈപ്പറ്റുന്നതിന് ഇവര്‍ക്ക് മടിയില്ല.

പലിശ മുടങ്ങിയാല്‍ ആദ്യം അനുനയമാണ്. പിന്നെ പതുക്കെ ഭീഷണി തുടങ്ങും. ഫോണിലൂടെയും നേരിട്ടും ഭീഷണി മുഴക്കും. പൊതുസ്ഥലങ്ങളില്‍ വച്ച് അപമാനിച്ച് സംസാരിക്കും. സ്ത്രീകളാണെങ്കില്‍ അവരെ കുറിച്ച് അപവാദം പ്രചരിപ്പിക്കും. ലൈംഗിക ചൂഷണത്തിനും ശ്രമിക്കും. പോലീസില്‍ പരാതി നല്‍കിയാല്‍ ചെക്കും പ്രോമിസറി നോട്ടും ഉപയോഗിച്ച് കേസില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കും.
യാതൊരു വിധ ലൈസന്‍സുമില്ലാതെ അഞ്ചു മുതല്‍ 10 ലക്ഷം വരെ സലയുള്ള ചിട്ടികള്‍ നടത്തുന്ന ചിലരുമുണ്ട്. ആദ്യം പണം നല്‍കിയ ശേഷം പിരിച്ചെടുക്കുന്നതാണ് ഇവരുടെ രീതി. മാനഭയം കാരണം ഒരു പലിശക്കാരനെ ഒഴിവാക്കാന്‍ അടുത്ത പലിശക്കാരനില്‍ നിന്ന് കടം വാങ്ങേണ്ട ഗതികേടാണ്. പലിശക്കാര്‍ തമ്മില്‍ അന്തര്‍ധാര സജീവമാണ് താനും.

അടൂരില്‍ പലിശയ്ക്ക് കൊടുക്കുന്ന സംഘത്തില്‍ സ്ത്രീകളുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പല തരം വ്യാപാരത്തിന്റെ മറവിലാണ് ഇവര്‍ പലിശയ്ക്ക് പണം കൊടുക്കുന്നത്. പണം തിരികെ വാങ്ങാന്‍ ഗുണ്ടകളെയും കൂട്ടി വാഹനങ്ങളില്‍ സിനിമ സ്റ്റൈലിലാണ് എത്തുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി കടം വാങ്ങുന്നവരാണ് പലിശ കൊടുത്തു മുടിയുന്നത്. പോലീസില്‍ പരാതി പറയാന്‍ പലരും മടിക്കുന്നത് ബ്ലേഡ് സംഘങ്ങള്‍ക്ക് തുണയാകും.

സഹകരണ ബാങ്കുകളില്‍ നിന്ന് പണം പലിശയ്ക്ക് എടുത്താണ് ബ്ലേഡുകാര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് അധികൃതര്‍ കുറഞ്ഞ പലിശയ്ക്ക് ബ്ലേഡുകാര്‍ക്ക് പണം നല്‍കും. ഇതിന് പുറമേ അനധികൃത സമ്പാദ്യമുള്ള രാഷ്ട്രീയക്കാരുടെ ബിനാമികളും പണം പലിശയ്ക്ക് നല്‍കുന്നതിന് വേണ്ടി ഇറങ്ങുന്നുവെന്നാണ് വിവരം. രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ ഇത്തരക്കാര്‍ പണവും പലിശയും തിരികെ വാങ്ങാന്‍ എന്തു മാര്‍ഗവും സ്വീകരിക്കും. ഇത്തരക്കാരെ അമര്‍ച്ച ചെയ്യാന്‍ നിലവില്‍ നടപടിയില്ലാത്തത് ഇവര്‍ക്ക് തുണയാണ്.