- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെഷവാറിലേക്ക് ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുമ്പ് പൊട്ടിത്തെറി; കൊല്ലപ്പെട്ടവരില്‍ 14 സൈനികരടക്കം 26 പേര്‍; ക്വറ്റ റെയില്‍വേ സ്റ്റേഷനിലേത് ചാവേറാക്രമണം; സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബലോച് ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. പലരുടെയും നില ഗുരുതരം ആണ്. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകള്‍. 14 സൈനികര്‍ അടക്കമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
നൂറ് കണക്കിന് ആളുകള്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുന്നതും നിരവധിപ്പേര്‍ നിലത്ത് വീഴുകയും പലരും രക്ഷതേടി ട്രാക്കുകളിലേക്ക് വരെ ചാടിയിറങ്ങി ഓടുന്നതുമായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. സ്‌ഫോടനത്തിന് പിന്നാലെ മൃതദേഹ ഭാഗങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ചിതറിത്തെറിച്ച നിലയിലാണുള്ളത്. രക്ഷാപെടാനുള്ള ശ്രമത്തില്‍ ആളുകള്‍ ഉപേക്ഷിച്ച് പോയ ബാഗുകളും പ്ലാറ്റ്‌ഫോമില്‍ നിരന്ന് കിടക്കുന്നുണ്ട്.
ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. ബലോച് ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസ് പരിസരത്താണ് സ്‌ഫോടനമുണ്ടായത്. പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാന്‍. നേരത്തെയും പലതവണ ക്വറ്റയില്‍ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
പ്രാഥമിക കണ്ടെത്തലുകള്‍ ചാവേര്‍ ബോംബാക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയര്‍ സൂപ്രണ്ട് പോലീസ് (എസ്എസ്പി) ഓപ്പറേഷന്‍സ് മുഹമ്മദ് ബലോച്ച് നേരത്തെ പ്രതികരിച്ചത്. റെസ്‌ക്യൂ, ലോ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു. അവിടെനിന്ന് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനയുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിന്ദ് പറഞ്ഞു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. അതേസമയം, ബി.എല്‍.എയുടെ പങ്ക് സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഷാഹിദ് റിന്ദ് പറഞ്ഞു.