കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപയുടെ 26.24 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ മാനേജര്‍ വീണ്ടും പൊങ്ങി. പ്രാദേശിക ഓണ്‍ലൈന്‍ ചാനലിന് വീഡിയോ സന്ദേശം നല്‍കിയാണ് മധു ജയകുമാര്‍ പൊങ്ങിയിരുന്നത്. ബാങ്കിന്റെ സോണല്‍ മാനേജര് അരുണിനെതിരെ ആരോപണം ഉയര്‍ത്തി കൊണ്ടാണ് ഇയാള്‍ രംഗത്തുവന്നത്. 23 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ ഒരു സ്വകാര്യ ഫൈന്‍സിംഗ സ്ഥാപനത്തെ കുറിച്ചു ആരോപണം ഉന്നയിക്കുന്നു.

ഇരുട്ട് മുറിയില്‍ മുഖം മാത്രം വ്യക്തമാവുന്ന വിധത്തിലാണ് വീഡിയോ പുറത്ത് വിട്ടത്. അതേസമയം, കാണാതായ സ്വര്‍ണത്തെ കുറിച്ച് വീഡിയോയില്‍ മറുപടിയില്ല. 'എല്ലാര്‍ക്കും നമസ്‌ക്കാരം. ഞാനാണ് മധു ജയകുമാര്‍. എന്റെ പേരിലാണ് ഗോള്‍ഡ് ലോണിന്റെ പഴി ഉള്ളത്. ഞാന്‍ ലീവ് എടുത്തിട്ടാണ് വടകരയില്‍നിന്ന് പോയത്. ലീവ് ആയതിന് കാരണം എന്റെ അച്ഛനും എനിക്കും സുഖമില്ലാത്തതിനാലാണ്. ഞാന്‍ ലീവ് എടുക്കുന്നത് സംബന്ധിച്ച് ഒഫീഷ്യല്‍ ആയി മെയില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മിസ്സിംങ് ആയില്ല. അഞ്ചാം തീയതി ആണ് ഞാന്‍ വടകരയില്‍ നിന്ന് ലീവെടുത്ത് പോന്നിട്ടുള്ളത്.- ജയകുമാര്‍ വിശദീകരിച്ചു.

സോണല്‍ മനേജറുടെ നിര്‍ദേശപ്രകാരമാണ് ബാങ്കില്‍ ഗോള്‍ഡ് പണയം വെച്ചത്. ചാത്തന്‍ കണ്ടത്തില്‍ ഫിനാന്‍സിയേഴ്‌സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് പണയപ്പെടുത്തിയത്. അവര്‍ക്ക് 15-ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഒരു വര്‍ഷം മുമ്പ് അരുണ്‍ എന്ന സോണല്‍ മാനേജറാണ് ഇവരെ പറഞ്ഞ് വിടുന്നത്. എല്ലാ ബ്രാഞ്ചുകള്‍ക്കും നിര്‍ദേശം നല്‍കി. എട്ട് ശതമാനം പലിശക്ക് അഗ്രികള്‍ച്ചറല്‍ ലോണ്‍ ആയാണ് പണയം. ചാത്തന്‍ കണ്ടത്തില്‍ ഗ്രൂപ്പും സോണല്‍ മാനേജറുമായി ബന്ധം ഉണ്ടെന്ന് എനിക്ക് സംശയം ഉണ്ട്. ചാത്തന്‍ കണ്ടത്തില്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്.

25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരില്‍ ഒരു കോടി വരെ കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, താമരശ്ശേരി ബ്രാഞ്ചുകളില്‍ ഈ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ ഉണ്ട്. എന്നാലിവര്‍ക്ക് ബാങ്ക് നിയമപ്രകാരം അഗ്രി കള്‍ച്ചറല്‍ ലോണ്‍ കൊടുക്കാന്‍ പാടില്ല. നിലവിലെ മാനേജര്‍ ഇര്‍ഷാദിന് ചാത്തന്‍ കണ്ടത്തില്‍ ഗ്രൂപ്പുമായി ബന്ധമുണ്ട്. ചെയ്യാത്ത തെറ്റിന് ഞാന്‍ നായ് പോലെ അലയുകയാണ്. വടകരയിലെ എല്ലാവര്‍ക്കും അറിയാം, ബാങ്കിലുള്ളവര്‍ക്കും അറിയാം ഞാന്‍ എത്ര മാത്രം പെര്‍ഫോമന്‍സ് ചെയ്ത മാനേജറാണെന്ന്. എന്റെ ജീവന്‍ രക്ഷിക്കണം, മധു വീഡിയോയില്‍ പറയുന്നു.

എടോടി ശാഖയില്‍ നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജരായ മധു ജയകുമാര്‍ മുങ്ങിയെന്നാണ് പരാതി. 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. മാനേജര്‍ ഇര്‍ഷാദിന്റ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശിയാണ് മധുജയകുമാര്‍ (34).

മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധുജയകുമാറിന് ജൂലായ് ആറിന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടി. വടകര ശാഖയില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലായ് ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധുജയകുമാര്‍ പാലാരിവട്ടത്ത് ജോലിയില്‍ പ്രവേശിച്ചിരുന്നില്ല.