തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യന്റെ മരണത്തിൽ സഹോദരന്റെ മൊഴി വിശദമായി രേഖപ്പെടുത്തി അന്വേഷണ സംഘം.ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ജലീൽ തോട്ടത്തിലിന് മുമ്പാകെ ഇന്നലെ നാലുമണിക്കുറോളമെടുത്താണ് സഹോദരൻ മധു മൊഴി നൽകിയത്.കേസ് അട്ടിമറിച്ച മ്യൂസിയം പൊലീസിനെതിരെ തുറന്നടിക്കുന്നതായിരുന്നു സഹോദരൻ മധുവിന്റെ മൊഴി.

ഷുഗർ ലെവൽ താഴ്ന്നും സെക്ഷ്വൽ അസ്ഫിഷ്യയെ തുടർന്നും നയന മരണപ്പെട്ടതാണെന്ന് വിശ്വസിപ്പിച്ച മ്യൂസിയം പൊലീസിന്റെ നടപടികൾ സംശയാസ്പദമാണെന്ന് മധു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.സഹോദരിയുടെ മരണം ആത്മഹത്യയാണെന്നും അന്വേഷണം തുടർന്നാൽ നാണക്കേടാകുമെന്നും ധരിപ്പിച്ച പൊലീസ് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും മധു വെളിപ്പെടുത്തിയിട്ടുണ്ട്. നയനയുടെ കുട്ടിക്കാലം മുതൽ മരണപ്പെടുംവരെയുള്ള കാര്യങ്ങളെസംബന്ധിച്ച് മധുവിന് അറിയാവുന്ന മുഴുവൻ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

നയനയുടെ മരണത്തിൽ മധുവിനും കുടുംബത്തിനുമുള്ള സംശയങ്ങളെ സംബന്ധിച്ചും ക്രൈംബ്രാഞ്ചിനോട് മധു തുറന്ന് സംസാരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ, സുഹൃത്തുക്കളുമായുള്ള സൗഹൃദം, ഷുഗർ ലെവൽ താഴുന്ന നയനയുടെ രോഗത്തെ സംബന്ധിച്ച വിവരം, റൂംമേറ്റും ഉറ്റ സുഹൃത്തുമായ മെറിനുമായുള്ള അടുപ്പം തുടങ്ങിയ കാര്യങ്ങളും മധു ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മരണപ്പെടുന്നതിന് തൊട്ടുമുമ്പ് നയന അമ്മയുമായി ഫോണിൽ സംസാരിച്ച വിവരങ്ങളുമുണ്ട്.

മ്യൂസിയം പൊലീസിന് നൽകിയ മൊഴികളിലെ വിവരങ്ങൾക്ക് പുറമേ നാല് പേജിലേറെ അധിക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് നൽകിയത്. മധുവിന്റെ മൊഴി മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് നയനയുടെ മരണത്തിൽ സംശയങ്ങൾക്ക് ഇടയാക്കിയതെന്നും മധു വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ ബന്ധുവിനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ മധുവിന്റെ മൊഴി നാല് മണിക്കൂറോളമെടുത്താണ് ശേഖരിച്ചത്. നയനയുടെ കുടുംബത്തെ സംബന്ധിച്ചും പഠനം, തിരുവനന്തപുരത്തേക്കും സിനിമ രംഗത്തേക്കും എത്താൻ ഇടയായത്, സുഹൃത്ത് വലയം തുടങ്ങി വ്യക്തിജീവിതവുമായും കുടുംബപരമായുമുള്ള എല്ലാവിവരങ്ങളും മൊഴിയിലുണ്ട്.

മധുവിന്റെ മൊഴി വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നയനയുടെ മൃതദേഹം ആദ്യമായി കണ്ട മെറിനുൾപ്പെടെയുള്ളവരുടെയും സംഭവദിവസം നയനയുടെ ആൽത്തറയിലെ താമസസ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരുടെയും മൊഴികൾ വരും ദിവസങ്ങളിൽ ശേഖരിക്കും.ഈ മൊഴികളുടെ കൃത്യത പരിശോധിച്ചശേഷമാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.