അടിമാലി: ഹൈറേഞ്ചില്‍ ഏലം കര്‍ഷകരെ തട്ടിച്ച് കോടികള്‍ കവര്‍ന്ന് പാലക്കാട് സ്വദേശി. വിപണി വിലയെക്കാള്‍ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ചു കടന്നത് പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീര്‍ എന്നയാളാണ്. 30 മുതല്‍ 40 ദിവസത്തിനുള്ളില്‍ പണം നല്‍കാം എന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയത്. എന്‍ ഗ്രീന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് കമ്പനിയുടെ മറവിലാണ് വന്‍ തട്ടിപ്പു നടന്നത്. പണം കിട്ടാതെ കുരുക്കില്‍ പെട്ടിരിക്കയാണ് ഏലം കര്‍ഷര്‍.

അവധി വ്യാപാരത്തിന്റെ മറവില്‍ വില കൂട്ടി ഏലക്കായ വാങ്ങി പണം നല്‍കാതെ കടന്നു കളയുകയായിരുന്നു. മുഹമ്മദ് നസീറിനെ കണ്ടെത്തി കര്‍ഷകരുടെ പണം വാങ്ങി നല്‍കാന്‍ സര്‍ക്കാരും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പണം ലഭിക്കാനുള്ളവര്‍ ഇടുക്കി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിമാലി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ ഗ്രീന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ കടമുറികള്‍ വാടകക്ക് എടുത്ത ശേഷം ജോലിക്കാരെ വെച്ചാണ് ഏലക്ക സംഭരിച്ചത്. തുടക്കത്തില്‍ കുറച്ച് പേര്‍ക്ക് പണം നല്‍കി ആളുകളെ വിശ്വാസത്തിലെടുത്തു. എന്നാല്‍ പിന്നീട് ഏലക്ക നല്‍കിയവര്‍ക്ക് ആര്‍ക്കും പണം ലഭിച്ചില്ല എന്നാണ് പറയുന്നത്. തട്ടിപ്പനിരയായവരില്‍ 50000 രൂപ മുതല്‍ 75 ലക്ഷം വരെ നഷ്ടമായവരുണ്ട്. ഏഴ് മാസം മുമ്പാണ് എന്‍ ഗ്രീന്‍ ഇന്റര്‍നാഷനല്‍ ഹൈറേഞ്ചില്‍ ഏലക്ക സംഭരണവുമായി രംഗത്തെത്തുന്നത്. ഓരോ സ്ഥലങ്ങളിലും കമീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെയും നിയോഗിച്ചായിരുന്നു തട്ടിപ്പ്.

അടിമാലിയില്‍ നിന്ന് അഞ്ച് കോടി രൂപയിലേറെ ഇയാള്‍ ഇങ്ങനെ വെട്ടിച്ചെന്നാണ് കണക്ക്. ഒരു മാസത്തിനകം മുഴുവന്‍ പണവും നല്‍കാമെന്ന് നസീര്‍ പലര്‍ക്കും ഉറപ്പ് നല്‍കിയിട്ടുമുണ്ടെന്നും വിവരം ലഭിച്ചതായി അധികൃതര്‍ അറയിച്ചു. പണം ലഭിക്കാനുള്ളവര്‍ മുഹമ്മദ് നസീറിനെ വിളിച്ചപ്പോള്‍ ഉടനെ നല്‍കാമെന്ന വാട്സ്ആപ്പ് സന്ദേശം മാത്രമാണ് ലഭിച്ചത്. പണം ലഭിക്കാന്‍ ഉള്ളവര്‍ക്ക് ചെക്കുകള്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇതെല്ലാം മടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

നസീറിനെ കണ്ടെത്തി കൃഷിക്കാര്‍ക്കു നല്‍കാനുള്ള പണം വാങ്ങി നല്‍കുന്നതിനു സര്‍ക്കാരും മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.