ഹൈദരാബാദ്: ഗാർഹിക തൊഴിലാളിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടി ഡിംപിൾ ഹയാത്തിയ്ക്കും ഭർത്താവ് ഡേവിഡിനുമെതിരെ കേസെടുത്ത് പോലീസ്. ഒഡീഷയിലെ റായഗഡ ജില്ലയിൽ നിന്നുള്ള 22 വയകാരി പ്രിയങ്ക ബിബാർ എന്ന യുവതിയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഹൈദരാബാദിലെ ഷെയ്ക്പേട്ടിലുള്ള വംശിറാമിന്റെ വെസ്റ്റ് വുഡ് അപ്പാർട്ട്മെന്റിലെ നടിയുടെ വസതിയിൽ ഇവർ ജോലിക്കാരിയായിരുന്നു.

തന്റെ സേവനകാലയളവിൽ നടിയും ഭർത്താവും നിരന്തരമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പ്രിയങ്കയുടെ പരാതിയിൽ പറയുന്നു. മതിയായ ഭക്ഷണം നിഷേധിച്ചുവെന്നും, 'നിന്റെ ജീവിതം എന്റെ ചെരുപ്പിന് തുല്യമല്ല' എന്ന് ആക്ഷേപിച്ചുവെന്നും യുവതി ആരോപിക്കുന്നു. സെപ്റ്റംബർ 29-ന് രാവിലെ വളർത്തുനായ കുരച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് സ്ഥിതി വഷളായി. ഈ സമയത്ത് നടിയും ഭർത്താവും തന്നെ വളരെ മോശമായി അധിക്ഷേപിക്കുകയും മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രിയങ്കയുടെ മൊഴിയിലുണ്ട്.

തന്റെ ഫോണിൽ സംഭാഷണം രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഡേവിഡ് ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ തന്റെ വസ്ത്രങ്ങൾ കീറിപ്പോയെന്നും, തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട് ഏജന്റിന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നെന്നും യുവതി അറിയിച്ചു.

പ്രിയങ്കയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഫിലിംനഗർ പോലീസ് ഡിംപിൾ ഹയാത്തിക്കും ഡേവിഡിനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ബിഎൻഎസ്) സെക്ഷൻ 74, 79, 351(2), 324(2) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടില്ലെന്നും ഫിലിംനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷാം അറിയിച്ചു.