തിരുവല്ല: യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഡ്രൈവറുടെ ഭീഷണിയും അസഭ്യവര്‍ഷവും. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വൈറലായ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. നെടുമ്പ്രം അമിച്ചങ്കേരി വളക്കോട്ട് വീട്ടില്‍ കെ.ടി.രാജേഷിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്. ട്രാഫിക് എസ് ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ കേസ് എടുക്കുകയായിരുന്നു.

മുത്തൂര്‍ ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ടിപ്പര്‍ ഡ്രൈവറില്‍ നിന്നും ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടായത്. കഴിഞ്ഞ 12 നും 14നും ഇതാവര്‍ത്തിച്ച ഡ്രൈവര്‍, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസവും യൂണിഫോം ധരിക്കാതെയും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുമാണ് ഇയാള്‍ ടിപ്പര്‍ ഓടിച്ചത്. ഇതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തതിന്റെ വിരോധം കാരണം, ഇയാള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു..

വണ്ടിയുടെ ആര്‍സി വിവരങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവറെ കുറിച്ച് മനസ്സിലാക്കിയത്. 12 ന് രാവിലെ 10.30 ന് മുത്തൂര്‍ ജങ്ഷനില്‍ ഡ്യൂട്ടി നോക്കിയ ശ്രീജിത്ത് ഡ്രൈവറുടെ നിയമലംഘനം മൊബൈലില്‍ പകര്‍ത്തി. ഇതില്‍ പ്രകോപിതനായി അസഭ്യവാക്കുകള്‍ മുഴക്കിയ ഡ്രൈവര്‍, ശ്രീജിത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

14 ന് ഇതേ സ്ഥലത്തുവച്ച് ശ്രീജിത്തിനെ കണ്ട ഡ്രൈവര്‍ വീണ്ടും വാഗ്വാദമുണ്ടാവുകയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു. ശ്രീജിത്ത്, ട്രാഫിക് എസ്ഐക്ക് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കി. ഇതില്‍ അന്വേഷണം നടത്തിയ എസ്ഐ സംഭവം ശരിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ് എച്ച് ഒയ്ക്ക് നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.

12 ന് ഉണ്ടായ കാര്യങ്ങള്‍ ട്രാഫിക് എസ്ഐയെ അറിയിച്ചപ്പോള്‍, യൂണിഫോം ധരിക്കാതെ ടിപ്പര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്ക് ചെലാന്‍ നല്‍കിയിരുന്നു. 14 നും നിയമം ലംഘിച്ച് എത്തിയ ഇയാള്‍ ചെലാന്‍ കിട്ടിയ വിരോധത്തില്‍ പ്രകോപിതനായി പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി മനഃപൂര്‍വം തടസ്സപ്പെടുത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.