പാലക്കാട്: നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര ചെറിയ കാര്യങ്ങള്‍ക്ക് പോലും അക്രമാസക്തനാകുന്ന ക്രിമിനല്‍. പ്രതി ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് കാട്ടി നാട്ടുകാരുടെ ഒപ്പുശേഖരിച്ച് പരാതി നല്‍കിയെങ്കിലും പൊലീസ് ഗൗനിച്ചില്ലെന്നാണ് പരാതി.

സുധാകരനേയും അമ്മയേയും വകവരുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയേയും ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമര സൈക്കോയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതിയ വസ്ത്രമിട്ട് ഇയാളുടെ വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോണ്‍ ചെയ്താലോ വരെ ഇയാള്‍ അക്രമാസക്തനാകുമെന്നാണ് പറയുന്നത്.

ചെന്താമരയുടെ ഭാര്യയും മകളും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയതിന് കാരണം അയല്‍വാസികളാണെന്ന മട്ടിലാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഇയാള്‍ക്കെതിരേ പരാതി നല്‍കിയപ്പോഴും പൊലീസിന് നിസ്സംഗതയായിരുന്നുവെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞു. അമ്മയ്ക്ക് പിന്നാലെ അഖിലയ്ക്ക് അച്ഛനെയും നഷ്ടമായിരിക്കുകയാണ്. ജയില്‍ ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പോലീസിന്റെ മറുപടി.

ഭീഷണിയുണ്ടെന്ന് പോലീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതാണ്. എന്നാല്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വിട്ടയക്കുകയായിരുന്നു. പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പ്രതികരിച്ചു.

പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്. 'വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്. പോലീസ് സ്റ്റേഷനില്‍ അച്ഛനും ഞാനും കൂടിയാണ് പരാതി നല്‍കിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്. പോലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ. പോലീസുകാരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ആണെങ്കിലു ആണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല' അഖില പറഞ്ഞു.'

തെറ്റിദ്ധാരണയുടെ പേരില്‍ കൊലപാതകം

ചെന്താമര സൈക്കോ ആയത് കൊണ്ട് തന്നെ എന്തിനും ഏതിനും അയല്‍ക്കാരെ പഴിക്കുന്ന സ്വഭാവമാണ് ഇയാള്‍ക്ക്. ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിച്ചിരുന്നത്. ഇയാളുടെ കടുത്ത മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ഭാര്യ പിണങ്ങി പോയതെങ്കിലും, എല്ലാറ്റിനും കാരണക്കാര്‍ അയല്‍ക്കാരെന്ന് പഴിച്ചാണ് ഇയാള്‍ അരുംകൊല നടത്തിയത്. ഇതേ പകയുടെ പേരിലാണ് 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമരയെ ഭയന്നാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് പരിസരവാസികള്‍ പറയുമ്പോള്‍, പൊലീസ് പരാതിയോട് മുഖം തിരിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വേണം കരുതാന്‍.

ചെന്താമരയെ പേടിച്ച് മാറി താമസിച്ചിട്ടും ഫലമുണ്ടായില്ല

രണ്ടു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് അഖില പറഞ്ഞു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാതെ മാറിത്താമസിക്കുകയായിരുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.

ചെന്താമര ഇന്നും ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാര്‍

അതേ സമയം, പ്രതി ഇന്നും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെയാണ് നെന്‍മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.

ചെന്താമരക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി നാട്ടുകാരിലൊരാള്‍ പറഞ്ഞു. ചെന്താമര സൈക്കോ ആയത് കൊണ്ട് തന്നെ ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ മൃതദേഹം എടുക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതല്‍ നാട്ടുകാര്‍ ഭീതിയിലായിരുന്നു.

ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്. രണ്ട് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. എപ്പോഴും ഇയാളുടെ കയ്യില്‍ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം ചെന്താമരക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കൃത്യമായി ഇടപെട്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്താമരയെ പോലീസ് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തിരുന്നുവെന്നും കെ. ബാബു എം.എല്‍.എ. വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും ബാബു പറഞ്ഞു. ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.