ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. ആണ്‍സുഹൃത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രതീഷിന്റെ വീട്ടില്‍ കുഞ്ഞിനെ കുഴിച്ചു മൂടുകയായരുന്നു. മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം വീട്ടില്‍ ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് രാജേഷ് ഭവനത്തില്‍ രാജേഷ് (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിനെ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ കുഴിച്ചുമൂടിയെന്നാണു മൊഴി. ഇവിടെ കുഴിച്ചു പരിശോധിച്ച പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകം വെളിപ്പെട്ടത്.

ചേര്‍ത്തലയിലെ പള്ളിപ്പുറം സ്വദേശിനി ആശയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വര്‍ക്കറാണ് പൊലീസില്‍ പരാതിപ്പെട്ടത്. ആശാ വര്‍ക്കര്‍ത്ത് തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച ആശ ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു ആശയുടെ മറുപടി. പിന്നീട് ആശാ പ്രവര്‍ത്തകര്‍ അറിയച്ചതു പ്രകാരം പൊലീസ് കേസെടുത്തു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്തുന്നത്. കുഞ്ഞിന്റെ അമ്മയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രാജേഷിനെയുെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

കഴിഞ്ഞ 25ന് ആണു ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്. ഇവര്‍ പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെയാണ് നിര്‍ത്തിയിരുന്നതെന്നും വിവരമുണ്ട്.