ചേര്‍ത്തല: അധ്യാപകരുടെയും രക്ഷിതാക്കളുടേയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ ചേര്‍ത്തല ടൗണ്‍ എല്‍പി സ്‌കൂള്‍ അധ്യാപിക വീടുപൂട്ടി മുങ്ങിയതായി വിവരം. രണ്ട് ദിവസമായി ടീച്ചറുടെ വീട് അടഞ്ഞു കിടക്കുകയാണ്. വിവിധ കെ.എസ്.എഫ്.ഇ ശാഖകളുടെ മാനേജര്‍മാര്‍ പരാതി നല്‍കിയതിനു പിന്നാലെ പോലിസ് സ്‌കൂളില്‍ എത്തിയതോടെയാണ് അധ്യാപിക വീടുകാലിയാക്കി സ്ഥലം വിട്ടത്. സ്‌കൂളിലെ അധ്യാപകരുടെയും പിടിഎ അംഗങ്ങളായ ചില രക്ഷിതാക്കളുടേയും പേരില്‍ വരെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ചമച്ച് ചേര്‍ത്തലയിലെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളില്‍ നിന്നുമാണ് ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയത്. ഇതിന് പുറമേ നിരവധി അധ്യാപകര്‍ ഇവര്‍ക്ക് ബാങ്ക് ലോണിന് ജാമ്യം നിന്നതായും വിവരം ഉണ്ട്.

ഒരു അധ്യാപിക ഇത്ര വലിയ തട്ടിപ്പ് നടത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിസംഗത പാലിക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അധ്യാപകരുടെ ഇടതു സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ കമ്മറ്റി അംഗമായ അധ്യാപികയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎമ്മിന്റെ പിന്‍ബലമുള്ളതിനാല്‍ ടീച്ചര്‍ക്ക് എതിരെ സംസാരിക്കാന്‍ പോലും ഭയക്കുന്ന അവസ്ഥയാണ് നിലവില്‍. വന്‍ തട്ടിപ്പ് നടത്തിയിട്ടും ചതിയില്‍ കുടുക്കിയിട്ടും ഈ സ്‌കൂളിലെ അധ്യാപകര്‍ പോലും എന്‍.ആര്‍ സീതയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടില്ല.

തട്ടിപ്പു വാര്‍ത്തകള്‍ പുറത്ത് വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍.ആര്‍ സീതയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും ഇന്നലെ വൈകിട്ടോടെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അതേസമയം തട്ടിപ്പു നടത്തിയ അധ്യാപിക എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും ഒരു വിവരവും ഇല്ല. സിപിഎമ്മുകാര്‍ അധ്യാപികയ്ക്ക് സംരക്ഷണം ഒരുക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. തട്ടിപ്പില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ടീച്ചര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യക്കെട്ട് ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല എഇഒ ഓഫിസിലേക്ക് ഇന്നലെ മാര്‍ച്ചും ധര്‍ണയും നടത്തി. യൂത്ത് കോണ്‍ഗ്രസും സ്‌കൂളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

സ്‌കൂള്‍ പിടിഎ ഫണ്ടിലടക്കം അധ്യാപിക തിരിമറി നടത്തി. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ എ.സി വെക്കാനെന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തി രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും ആരോപണം ഉണ്ട്. സീത പ്രധാനാധ്യാപിക ആയി എത്തിയ ശേഷം സ്‌കൂള്‍ പിടിഎ വിളിക്കുന്നത് രക്ഷിതാക്കളില്‍ പലര്‍ക്കും പേടി സ്വപന്മാണ്. കാരണം ടീച്ചര്‍ സ്‌കൂളിന്റെ പേരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണ പിരിവ് നടത്തുന്നതാണ് രക്ഷിതാക്കളെ അലോസരപ്പെടുത്തിയിരുന്നത്.