തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വളപ്പില്‍ ഇടതു സംഘടനാ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ട്രഷറിയിലെ അമല്‍, സോമന്‍ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ക്യാന്റീനില്‍ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാര്‍ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാന്റീന്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളിയായി.

ട്രഷറിയിലെ എന്‍ജിഒ യൂണിന്റെ സജീവ പ്രവര്‍ത്തകരായ അമല്‍, സോമന്‍ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാര്‍ക്കെതിരെ ക്യാന്റീന്‍ ജീവനക്കാര്‍ കന്‍ോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.

കന്റീനില്‍ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ച് ട്രഷറി ജീവനക്കാര്‍ കന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളം നിറച്ച ജഗ് തറയിലടിച്ച ട്രഷറി ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ സെക്രട്ടറിയുമായ അമല്‍ കന്റീന്‍ മാനേജരെ ആക്രമിച്ചതായാണ് പരാതി. കന്റീന്‍ മാനേജര്‍ സുരേഷ് കുമാര്‍ ഇതു സംബന്ധിച്ച് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. കന്റീന്‍ മാനേജര്‍ ആക്രമിച്ചെന്നുകാട്ടി അമല്‍ ട്രഷറി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റശ്രമം ഉണ്ടായി. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. ഇതോടെ ചില ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞു. ദൃശ്യം പകര്‍ത്തിയാല്‍ ക്യാമറ അടിച്ചുതകര്‍ക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തി.