കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ മുറുവേറ്റ പാടുകളുണ്ട്.

തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങളുള്ളത്. അതിനാല്‍ തന്നെ കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.