കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അക്രമത്തിന് കോപ്പുകൂട്ടി സി.പി.എം. പാനൂര്‍ മേലെകുന്നോത്ത് പറമ്പില്‍ മാരകായുധങ്ങളുമായി എതിരാളികളെ അക്രമിക്കാന്‍ ലക്ഷ്യമിട്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. പാനൂര്‍ചെണ്ടയാട് സ്വദേശികളായ ഒ.കെ അരുണ്‍ (29) എ.കെ അമല്‍ദാസ് (29) കെ.സി ജെസിന്‍ (29), എം. റിനീഷ്, കല്ലുവളപ്പ് സ്വദേശികളായ സി. നവീന്‍ (24 )എം.കെ ലിയോ ജോണ്‍(28) പൂവത്തിന്‍കീഴില്‍ സ്വദേശികളായ ഇ. റെഗില്‍രാജ്(29), ജെ സി . റോഷിന്‍ രാജ്(24) എന്നിവരാണ് പിടിയിലായത്.

കൂത്തുപറമ്പ് എ.സി. പി എം.പി ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊളവല്ലൂര്‍ സി.ഐ സി. ഷാജുവാണ് സംഘത്തെ പിടികൂടിയത്. മേലേകുന്നോത്തുപറമ്പില്‍ വെച്ച് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ പിടികൂടിയത്. പട്ടിക കഷ്ണം, സോഡ കുപ്പി തുടങ്ങിയ ആയുധങ്ങളുമായി ഒരു സംഘം സഞ്ചരിക്കുന്നതായി വെള്ളിയാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഒരു ഇന്നോവ, വാഗണര്‍, ബൈക്ക് എന്നിവയിലാണ് സംഘം സഞ്ചരിച്ചിരുന്നത്. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഇവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാഷ്ട്രീയ എതിരാളികളെ ആരെയോ ലക്ഷ്യമിട്ടാണ് ഇവര്‍ സഞ്ചരിച്ചത് എന്നായിരുന്നു സൂചന. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിച്ച പോലീസ് പ്രദേശത്ത് പല സ്ഥലത്തും അന്വേഷണം നടത്തുന്നതിനിടയിലാണ് മൂന്ന് മണിയോടെ സംഘം വലയിലായത്. ഇവര്‍ ആരെ അക്രമിക്കാനാണ് ആയുധങ്ങളുമായി സഞ്ചരിച്ചതെന്ന കാര്യവും അന്വേഷിക്കുമെന്ന് കൊളവല്ലൂര്‍ പൊലിസ് അറിയിച്ചു.

എസ്.ഐമാരായ അഖില്‍, സഹദേവന്‍, വിപിന്‍ എന്നിവരും യുവാക്കളെപിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പാനൂര്‍ മൂളിയത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളും പൊലിസ് പിടിയിലായ സംഘത്തിലുണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകയായിരുന്ന കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഭരണ നഷ്ടത്തിന് ശേഷം കുന്നോത്ത് പറമ്പ് പാറാട് മേഖലകളില്‍ വ്യാപകമായ ആക്രമമാണ് അരങ്ങേറിയത്.

യു.ഡി.എഫ് ആഹ്‌ളാദ പ്രകടനങ്ങള്‍ക്കിടെയില്‍ സംഘര്‍ഷമുണ്ടായി. വടിവാളേന്തിയ സി.പി.എം പ്രവര്‍ത്തകര്‍ യു ഡി എഫ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ കയറി അക്രമം നടത്തുകയായിരുന്നുവടിവാള്‍ കൊണ്ടു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുള്‍പെടെയുള്ള വാഹനങ്ങളും തകര്‍ത്തു. സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയശതിട്ടുണ്ട്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.