- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാഗുകളുമായി പോയ മാരിമുത്തുവിന് നേരെ നായ കുരച്ച് ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം; ബാഗില്‍ ഇറച്ചിയെന്ന് മറുപടി; പൊലീസ് പരിശോധിച്ചപ്പോള്‍ ഞെട്ടി; ഭാര്യയെ വെട്ടിക്കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാന്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ വെട്ടിക്കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാന്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍
നാഗര്‍കോവില്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന ശേഷം ബാഗിലാക്കി ഉപേക്ഷിക്കാന്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍. മരിയ സന്ധ്യ(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മാരിമുത്തു(36)വിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം എന്ന പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ച് മാസം മുന്‍പാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തില്‍ താമസത്തിനെത്തിയത്. തൂത്തുക്കുടിയില്‍ മീന്‍ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയ സന്ധ്യയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിക്കടി തര്‍ക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാന്‍ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഇയാള്‍ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി വെച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടില്‍നിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പോലീസ് പിടിയിലാവുന്നത്.
മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍, പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം തുടരുകയാണ്. മരിയയ്ക്കും മാരിമുത്തുവിനും രണ്ട് മക്കളാണ്.
കോള്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെല്‍വേലി ജില്ലയിലെ തച്ചനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് മാരിമുത്തു.