പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണിയില്‍ വീണ് യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിപ്പുകാര്‍ സിബിഐയും സൈബര്‍ പോലീസും ചമഞ്ഞ് വീഡിയോ കാള്‍ വിളിച്ചപ്പോള്‍ മെത്രാപ്പോലീത്ത തന്റെയും സുഹൃത്തിന്റെയും അക്കൗണ്ടില്‍ നിന്നായി അവര്‍ക്ക് ഇട്ടു കൊടുത്തത് 15,01,186 രൂപ. രണ്ടു ദിവസത്തിന് ശേഷം തട്ടിപ്പു മനസിലാക്കിയപ്പോള്‍ നല്‍കിയ പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് പരാതി നല്‍കിയെങ്കിലും നഷ്ടമായ പണം തിരിച്ചു കിട്ടുന്ന കാര്യം സംശയത്തില്‍.

ഓഗസ്റ്റ് രണ്ടിനാണ് സൈബര്‍ തട്ടിപ്പുകാര്‍ മാര്‍ കൂറിലോസിനെ വീഡിയോ കാള്‍ വഴി സമീപിക്കുന്നത്. സിബിഐ, സൈബര്‍ പോലീസ് എന്നിങ്ങനെ രണ്ടു പേരാണ് വീഡിയോ കാള്‍ വിളിച്ചത്. 8937011759, 8958268313 എന്നീ നമ്പരുകളില്‍ നിന്നാണ്് കാള്‍ വന്നത്. താങ്കള്‍ക്ക് മുംബൈയില്‍ കാനറാ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതു വഴി വ്യാജരേഖ നിര്‍മിച്ച കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മറ്റൊരാള്‍ പറഞ്ഞത് താങ്കളുടെ സിം കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ സംഗതികള്‍ മറ്റുള്ളവര്‍ക്ക് അയച്ചു നല്‍കിയെന്നുമാണ്. താങ്കള്‍ വിര്‍ച്വല്‍ അറസ്റ്റിലാണെന്നു കൂടി പറഞ്ഞതോടെ തിരുമേനി ഭയന്നു.

തുടര്‍ന്ന് കേസില്‍ നിന്നൊഴിവാകാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ മൂന്നിന് മല്ലപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഡല്‍ഹിയിലുള്ള യസ് ബാങ്ക് അക്കൗണ്ടിലേക്ക് 13,31186 രൂപ അയച്ചു കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്തിന്റെ മാവേലിക്കര ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ജയ്പൂര്‍ ഐ.ഓ.ബി അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപയും അയച്ചു കൊടുക്കുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കിയ മാര്‍ കൂറിലോസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജില്ലാ പോലീസ് മേധാവി പത്രസമ്മേളനം വിളിച്ച് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത നന്നായി നല്‍കിയിരുന്നു. അതിന് ശേഷം നടന്ന തട്ടിപ്പില്‍ വലിയ സംഖ്യ, അതും ഒരു പുരോഹിതന്റേത് നഷ്ടമായി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. തട്ടിപ്പുകാര്‍ പറഞ്ഞത് മുഴുവന്‍ മുഖവിലയ്ക്ക് എടുത്താണ് മെത്രാപ്പോലീത്ത പണം നല്‍കിയിട്ടുള്ളത്.