ലണ്ടന്‍: സ്വയം മറനീക്കി പുറത്തെത്തിയ, നിസ്സഹായനായ, ദുര്‍ബലനായ ഒരു ചാരന്‍ എന്നാണ് ഡേവിഡ് ഖാലിഫിനെ സ്വന്തം അഭിഭാഷകന്‍ പോലും വിശേഷിപ്പിക്കുന്നത്. ഇറാന് വേണ്ടി ചാരപ്പണി നടത്തിയതിനും, ഭക്ഷണം കൊണ്ടുവന്ന ട്രക്കിന് താഴെ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും 14 വര്‍ഷത്തെയും മൂന്ന് മാസത്തെയും തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. ഇരട്ടച്ചാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാള്‍, ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നടക്കുന്ന വ്യക്തിയാണെന്നാണ് ഇന്നലെ വിചാരണക്കിടെ ജഡ്ജി വിശേഷിപ്പിച്ചത്.

ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷമാണ് ഇയാളെ തടവിന് ശിക്ഷിച്ചത്. പുറമെ 10,000 പൗണ്ട് പ്രോസിക്യൂഷന്‍ ചെലവായും ഇയാള്‍ നല്‍കണം. ഡബിള്‍ ഏജന്റാകാനുള്ള പ്രവൃത്തിയുടെ ഭാഗമായി എം ഐ 5 നേയും എം ഐ 4 നേയും ഇയാള്‍ ബന്ധപ്പെട്ടത് തന്നെ ഇയാള്‍ അപകടകാരിയായ ഒരു വിഢിയാണെന്ന് തെളിയിക്കുന്നു എന്നും ജഡ്ജി പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇയാള്‍ പല രഹസ്യ വിവരങ്ങളും കൈക്കലാക്കി ഇറാന് നല്‍കിയിരുന്നു.

ചാരവൃത്തിക്ക് പിടിയിലായി എച്ച് എം പി വാന്‍ഡ്‌സ്വര്‍ത്തില്‍ തടവ് ശിക്ഷ അനുഭവിച്ചു വരവെ ഇയാള്‍, ജയിലിലേക്ക് ഭക്ഷണവുമായി എത്തിയ ട്രക്കിന്റെ അടിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു ഈ സംഭവം നടന്നത് ദിവസങ്ങള്‍ക്ക് ശേഷം മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസുകാരായിരുന്നു ഇയാളെ പിടികൂടിയത്.