- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷഹബാസിനെ കൊന്നവരെ കൊല്ലുമെന്ന് ഊമക്കത്ത്; പരീക്ഷ കഴിയും മുന്‍പ് കൊല്ലുമെന്ന് ഭീഷണി; കത്ത് ലഭിച്ചത് സ്കൂളിലെ പ്രധാന അധ്യാപകന്; കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താന്‍ പോലീസ്
താമരശ്ശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണി. സ്‌കൂളിലേക്ക് ഊമക്കത്തായാണ് ഭീഷണി എത്തിയത്. കൊലപാതകത്തിലെ പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീഷണക്കത്ത് സ്‌കൂളിലേക്ക് എത്തുന്നത്.
വൃത്തിയുള്ള കൈയക്ഷരം, സാധരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ പ്രിന്‍സിപ്പാലിന് ലഭിക്കുന്നത്. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരെ നടന്ന അക്രമത്തില്‍ അമര്‍ഷം രേഖപ്പെട്ടുത്തിയും പിടിയിലായ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്നും കത്തില്‍ പറയുന്നുണ്ട്.
കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാന്‍ പറ്റൂവെന്നുവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കത്ത് കിട്ടിയ ഉടനെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കേസായതിനാല്‍ രഹസ്യമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം.
ഉള്ളടക്കത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ കത്തെഴുതിയത് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അവസാനദിവസം ഒബ്‌സര്‍വേഷന്‍ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാര്‍ഥി പിടിയിലാവുന്നതും.
താമരശ്ശേരി ഡിവൈ.എസ്.പി സുഷീര്‍, ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്.
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നല്‍കിയെന്ന് തെളിയുന്നവരെ കൂടി കേസില്‍ പ്രതിചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്തതിനാല്‍ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാര്‍ഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.