- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍ പോയെന്ന് സൂചന; യുവതിക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്; ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു യുവതി; ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചെന്ന യുവതിയുടെ അവകാശവാദവും നുണ
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍ പോയെന്ന് സൂചന

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തില്‍ മനംനൊന്ത് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. ഇതോടെ യുവതി കൂടുതല്‍ പ്രതിസന്ധിയിലായി.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ എസിപി ഓഫിസില്‍ ലഭിച്ചതു പ്രകാരമാണ് കേസ് എടുക്കുന്നതെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് എസ്‌ഐ വി.ആര്‍.അരുണിനാണ് അന്വേഷണ ചുമതല. ദീപക്കിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് വീട്ടിലെത്തി മാതാപിതാക്കളായ ചോയിയുടെയും കന്യകയുടെയും മറ്റു ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.
അനുശോചനം രേഖപ്പെടുത്താന്‍ എത്തിയ മുന്‍ ഗോവ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ പി.എസ്.ശ്രീധരന്‍പിള്ളയും ഈ സമയം ദീപക്കിന്റെ വീട്ടില്‍ എത്തിയരുന്നു. യുവതിക്കെതിരായ കേസ് നടത്തിപ്പില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അറിയിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കണം. വിദേശത്തായിരുന്ന യുവതി വീണ്ടും വിദേശത്തേക്കു കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടിസിന് ആവശ്യമുന്നയിക്കുന്നത്.
ഇതിനായി അഡ്വ.ശ്രീജിത്ത് വഴി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സമൂഹമാധ്യമത്തില്‍ 'റീച്ചിന്' വേണ്ടി ഇത്തരത്തില്‍ പുരുഷന്മാരെ വേട്ടയാടുന്ന പ്രവണത ഇനി ഒരു പെണ്‍കുട്ടിയും ആവര്‍ത്തിക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ബസിലുണ്ടായിരുന്ന സഹയാത്രികരുടെയും ബസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടിയാരംഭിച്ചു. ദൃശ്യം പകര്‍ത്തിയ യുവതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സെയില്‍സ് മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസില്‍ അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.


