ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഉപയോഗിച്ച വെള്ള ഹുണ്ടായ് ഐ20 കാറിന്റെ (Hyundai i20) മലിനീകരണ പരിശോധന (Pollution Check) നടത്തുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം. മൂന്നുപേരാണ് കാറിലുള്ളത്. ഒക്ടോബര്‍ 29ന് വൈകുന്നേരം 4:20 ാണ് സമയം. ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് വാഹനം വില്‍പന നടത്തിയ അതേ ദിവസമാണ് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്.

HR 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍, മലിനീകരണ നിയന്ത്രണ (PUC) ബൂത്തിന് അടുത്തായി നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഷര്‍ട്ട് ധരിച്ച ഒരാള്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതായി കാണാം. മിനിറ്റുകള്‍ക്ക് ശേഷം മറ്റ് രണ്ട് പേര്‍-ഒരാള്‍ ഗ്രേ ടീ-ഷര്‍ട്ടും മറ്റൊരാള്‍ വെള്ള ടീ-ഷര്‍ട്ടും ബാക്ക്പാക്കും ധരിച്ചാണ് വരുന്നത്. താടി വെച്ച ഈ രണ്ട് പേരില്‍ ഒരാള്‍, കാര്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെക്കുറിച്ച് അറിയാമായിരുന്ന താരിഖ് മാലിക് ആണെന്ന് സംശയിക്കുന്നു. ഈ മൂന്ന് പേരും വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യത്തിലുണ്ട്. ഈ കാര്‍ ഇതിനുമുമ്പ് ഏഴ് തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ചെങ്കോട്ടയിലേക്കുള്ള പ്രവേശനം

തിങ്കളാഴ്ച (സ്‌ഫോടനം നടന്ന ദിവസം) ഉച്ചയ്ക്ക് 3:19-ന് കാര്‍ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്ന ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. കാര്‍ വിന്‍ഡോയില്‍ ഉമര്‍ മുഹമ്മദിന്റെ കൈ കാണാമായിരുന്നു. മറ്റൊരു ചിത്രത്തില്‍ ഇയാള്‍ നീലയും കറുപ്പും കലര്‍ന്ന ടീ-ഷര്‍ട്ട് ധരിച്ചാണ് കാണുന്നത്.

കാര്‍ ഏകദേശം 6:30-ന് പുറത്തുപോയി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ചാവേറായ ഡോ. ഉമര്‍ മുഹമ്മദ് ഒരു നിമിഷം പോലും പുറത്തിറങ്ങുന്നില്ല. ഇയാള്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയോ ആയിരുന്നു എന്നും സൂചനയുണ്ട്.




കാറിന്റെ ഉടമകളും കൈമാറ്റ ചരിത്രവും

അറസ്റ്റിലായ മുഹമ്മദ് സല്‍മാന്‍ ആണ് i20 കാറിന്റെ യഥാര്‍ത്ഥ ഉടമ. ഇയാള്‍ മാര്‍ച്ചില്‍ ഈ കാര്‍ ദേവേന്ദറിന് വിറ്റു. ദേവേന്ദര്‍ അത് ആമിര്‍ റാഷിദിന് വിറ്റു. ആമിര്‍ റാഷിദ് ഈ വാഹനം ഡോ. ഉമര്‍ മുഹമ്മദിന് കൈമാറി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട താരിഖ് മാലിക്കിന് ഈ കൈമാറ്റത്തില്‍ പങ്കുണ്ടായിരുന്നു.കാര്‍ മൊത്തത്തില്‍ ഏഴ് തവണ വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം വൈകുന്നേരം 6:52-നാണ് കാര്‍ സ്‌ഫോടനം നടന്നത്.അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്.

ഫരീദാബാദില്‍ തീവ്രവാദ സംഘത്തില്‍ പെട്ട ഡോ. മുജമ്മില്‍ ഷക്കീല്‍, ഡോ. ആദില്‍ റാതര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ, ഡോ. ഉമര്‍ മുഹമ്മദ് പരിഭ്രാന്തനായെന്നും ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനത്തിന് മുതിരുകയായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഉമര്‍ മുഹമ്മദ് മറ്റ് രണ്ട് കൂട്ടാളികളുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കാറില്‍ ഡിറ്റണേറ്റര്‍ സ്ഥാപിച്ചതെന്നും സൂചനയുണ്ട്.