ന്യൂഡല്‍ഹി: തിരക്കിലമര്‍ന്ന് പ്ലാറ്റ്‌ഫോം, ബോധംക്ഷയിച്ച് വീണ യാത്രക്കാര്‍, ചിതറിത്തെറിച്ച് ചെരുപ്പുകളും വസ്ത്രങ്ങളും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ മുറിപ്പെടുത്ത കാഴ്ചകളാണ് ഇത്. ഇന്നലെ രാത്രിയില്‍ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തില്‍ 15 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്റ്റേഷനില്‍ അനിയന്ത്രിതമായ തിരക്കിലേക്ക് നയിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തമായ മറുപടിയില്ലാതെ റെയില്‍വേ അധികൃതര്‍.

കുംഭമേള പ്രമാണിച്ച് ഏതാനും ദിവസങ്ങളായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ രണ്ട് പ്രത്യേക തീവണ്ടികള്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ശനിയാഴ്ച രണ്ട് അധിക വണ്ടികള്‍ കൂടി സര്‍വീസ് നടത്തിയതായാണ് വിവരം. ട്രെയിന്‍ വൈകിയെത്തിയതും പ്ലാറ്റ്ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മരണസംഖ്യയും മരിച്ചവരുടെ പേരും വിവരങ്ങളും ഉടന്‍ പുറത്തുവിടണം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിവരങ്ങള്‍ മറച്ചുവെയ്ക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

മരണം സംബന്ധിച്ച വിവരം തുടക്കത്തില്‍ പുറത്തുവന്നിരുന്നില്ല, സത്യം മറച്ചുവെയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ലജ്ജാവഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചവരുടേയും കാണാതായവരുടേയും വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാരിന് സജ്ജമാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ റെയില്‍വേയും പ്രാഥമിക അന്വേഷണം നടത്തുകയാണ്. 1500 ജനറല്‍ ടിക്കറ്റുകളാണ് വിറ്റിരുന്നത്. പ്ലാറ്റ്ഫോം 14ലും എസ്‌കലേറ്റര്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം ഒന്നിലുമാണ് തിരക്ക് അനിയന്ത്രിതമായത്. പ്രയാഗ് രാജ് എക്സ്പ്രസ് വന്നത് 14ലാണ്, ഒപ്പം സ്വതന്ത്ര സേനാനി എക്സ്പ്രസ്സും ഭുവനേശ്വര്‍ എക്സപ്രസും പുറപ്പെടാന്‍ വൈകിയത് 12,13, 14 പ്ലാറ്റ്ഫോമുകളില്‍ തിരക്ക് വര്‍ധിപ്പിച്ചു. തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ദുരന്തം സംഭവിച്ചത് സെക്കന്റുകള്‍ക്കുള്ളിലാണ്. നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു തിരക്കെന്ന് റെയില്‍ ഡി.സി.പി വ്യക്തമാക്കി.