ന്യൂഡല്‍ഹി: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത സംവിധായകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ലൈംഗിക പീഡനക്കേസില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ സനോജ് കുമാര്‍ മിശ്ര (45) അറസ്റ്റിലായത്. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ, ഡല്‍ഹി പൊലീസെത്തിയാണ് സനോജ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തിലധികം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സനോജ് കുമാര്‍ കുടുംബത്തോടൊപ്പം മുംബയിലായിരുന്നു താമസം.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 28 കാരിയെ 4 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തല്‍, ഗര്‍ഭഛിദ്ര നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2021 ജൂണ്‍ 18ന് ഒരു റിസോര്‍ട്ടില്‍ വെച്ച് ലഹരി നല്‍കി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയയിലൂടെ 2020ലാണ് പരാതിക്കാരിയുമായി സംവിധായകന്‍ പരിചയപ്പെടുന്നത്. ലഹരി നല്‍കിയ ശേഷം തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സനോജ് എടുത്തിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഡല്‍ഹി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന സനോജ് മിശ്രയെ ഗാസിയാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംവിധായകനും താനും മുംബൈയില്‍ ലിവിങ് ടുഗതറിലായിരുന്നു. മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്താന്‍ സനോജ് മിശ്ര നിര്‍ബന്ധിച്ചു. വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2024 മാര്‍ച്ച് 6നാണ് സനോജ് മിശ്രക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

റിസോര്‍ട്ടിലെ സംഭവത്തിന് ശേഷം, സിനിമയില്‍ നല്ല അവസരം തരാമെന്നും, വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സനോജ് യുവതിയുമായി വീണ്ടും സൗഹൃദത്തിലായി. സനോജ് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ഇതിനിടയില്‍ ലിവിംഗ് റിലേഷനിലാകാമെന്ന് സനോജ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയെ ഗര്‍ഭഛിദ്രം നടത്തിയത് സംബന്ധിച്ചുള്ള മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തര്‍ക്കങ്ങള്‍ക്കൊടുവില്‍, 2025 ഫെബ്രുവരിയില്‍ ഇരുവരും വേര്‍പിരിഞ്ഞു. തനിക്കെതിരെ പൊലീസിനെ സമീപിച്ചാല്‍, സ്വകാര്യവിഡിയോ പ്രചരിപ്പിക്കുമെന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ലൈംഗിക പീഡനം, ഗര്‍ഭം അലസിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.