- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രണയിച്ചു വിവാഹം കഴിച്ചവര്‍; വിവാഹശേഷം ദിവ്യശ്രീക്ക് പോലീസില്‍ ജോലി ലഭിച്ചു; രാജേഷ് ഡ്രൈവര്‍ ജോലിയിലും; രാജേഷിന്റെ മദ്യപാനത്തെ തുടര്‍ന്ന് ദാമ്പത്യം തകര്‍ന്നു; കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഏഴുലക്ഷം തിരികെ ആവശ്യപ്പെട്ടത് പകയായി; ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസില്‍ രാജേഷിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ
ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസില്‍ രാജേഷിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ

തലശ്ശേരി: കരിവെള്ളൂരിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. സിപിഒ ദിവ്യശ്രീയെ (38) ക്രൂരമായി വെട്ടിക്കൊന്ന കേസിലാണ് ഭര്‍ത്താവ് രാജേഷിനെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ടുലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് വിധിച്ചത്.
ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതകത്തിനായി വീട്ടില്‍ അതിക്രമിച്ച് കയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2024 നവംബര്‍ 21-ന് വൈകീട്ട് 5.30-നായിരുന്നു സംഭവം. കൊലപാതകം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ദിവ്യശ്രീ നിലവിളിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വിചാരണസമയത്ത് കോടതി കണ്ടു. പ്രതി കൊടുവാള്‍കൊണ്ട് വീടിന്റെ ഗ്രില്‍സിന് വെട്ടിയതായി പരിക്കേറ്റ അച്ഛന്‍ കെ.വാസു മൊഴി നല്‍കി. വീട്ടിന്റെ വരാന്തയില്‍ പെട്രോള്‍ ഒഴിച്ചതിനുശേഷം ദിവ്യശ്രീയെ പലതവണ വെട്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടര്‍ന്ന് വെട്ടി. തടയാന്‍ ശ്രമിച്ചപ്പോഴാണ് വാസുവിനെയും വെട്ടിയത്.
സംഭത്തിനുശേഷം രാജേഷ് ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരുടെ ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ച് പെരുമ്പയിലെത്തി. വെട്ടാനുപയോഗിച്ച കൊടുവാള്‍ പുഴയില്‍ ഉപേക്ഷിച്ച് എ.ടി.എമ്മില്‍നിന്ന് 20,000 രൂപയെടുത്ത് ബസിന് പുതിയതെരുവിലെത്തി. ബാറില്‍ മദ്യപിക്കുമ്പോള്‍ രാത്രി 8.20-ന് പോലീസ് പിടിയിലായി. കൊടുവാള്‍ പിന്നീട് പുഴയില്‍നിന്ന് പോലീസ് കണ്ടെടുത്തു.
ഇവരുടെത് പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ദിവ്യശ്രീക്ക് പോലീസില്‍ ജോലിലഭിച്ചു. രാജേഷ് ഡ്രൈവറായിരുന്നു. രാജേഷിന്റെ മദ്യപാനത്തെ തുടര്‍ന്ന് ദാമ്പത്യം തകര്‍ന്നതാണ് ദാരുണ സംഭവങ്ങളിലേക്ക് നയിച്ചത്. ദിവ്യശ്രീ കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഏഴുലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബകോടതിയില്‍ മധ്യസ്ഥ ചര്‍ച്ച നടന്നദിവസം വൈകീട്ടാണ് കൊലപാതകം നടന്നത്. ചന്തേര പോലീസ് സ്റ്റേഷനിലായിരുന്ന ദിവ്യശ്രീ അന്ന് ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവര്‍ക്ക് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്.
കൊലപ്പെടുത്തിയ കൊടുവാള്‍ പുഴയില്‍ ഉപേക്ഷിച്ചത് കണ്ടെടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയുടെ മൊഴിയെടുക്കുന്നതും പോലീസ് ചിത്രീകരിച്ചിരുന്നു. ആയുധവും പെട്രോളും വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം അന്വേഷണസംഘം ശേഖരിച്ചു. ഇവയും പ്രതിയുടെ ബൈക്കുള്‍പ്പെടെ 51 തൊണ്ടിമുതലുകളും 102 രേഖകളും കോടതിയില്‍ ഹാജരാക്കി. 92 സാക്ഷികളില്‍ 65 പേരെ വിസ്തരിച്ചു.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീഹരിയാണ് കേസന്വേഷിച്ചത്. ശ്രീഹരിയെ അഞ്ച് ദിവസം വിസ്തരിച്ചു. ദിവ്യശ്രീയുടെ അച്ഛന്‍ വാസു, അയല്‍വാസി ശശിമോഹന്‍, ദിവ്യശ്രീയുടെ അനുജത്തി പ്രവിത, മൃതദേഹം പരിശോധിച്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. പ്രജിത്ത് എന്നിവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു.
സെന്‍ട്രല്‍ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി തിരിച്ച് ജയിലേക്ക് കൊണ്ടുപോയി. വിചാരണ തീരുമാനിച്ചപ്പോള്‍ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മനോരോഗ ചികിത്സയ്ക്ക് ഒരുമാസം കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാനസിക പ്രശ്നമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി 19-ന് കേസ് വിചാരണ തുടങ്ങി.


