ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയെ മരണം ദുരൂഹമായി തുടരുന്നു. എന്തിനാണ് റോയി സ്വയം വെടിയുതിര്‍ത്തി ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ഉയരുകയാണ്. ആദായ നികുതി വകുപ്പിന്റെ മാനസിക പീഡനമാണെന്ന വാദങ്ങളെ തള്ളിക്കളയുന്ന വിധത്തിലാണ് കാര്യങ്ങളുടെ പുരോഗതി. മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന പോലീസും വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. അത്തരത്തില്‍ റോയിയെ ഉടന്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പ് വാദവും പോലീസ് ശരിവെക്കുകയാണ്. രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അന്ന് നടന്നത്. ഇക്കാര്യമാണ് ഐ ടി ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും. ഉച്ചയോടെ ഓഫീസില്‍ എത്തിയ റോയി കോണ്‍ഫെറന്‍സ് റൂമില്‍ ഐടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞ് സ്ഥ്വന്തം ക്യാബിനിലേക് പോവുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്ഐടി മൊഴി രേഖപെടുത്തി.

മരിക്കുന്നതിനു മൂന്നു ദിവസം മുമ്പ് തുടങ്ങിയ പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും കൃത്യമായ മറുപടി നല്‍കിയിട്ടും റോയ് എന്തുകൊണ്ട് ജീവനൊടുക്കിയെന്ന് മലയാളി സമൂഹം ചോദിക്കുന്നു. കടന്നുവന്ന വഴികളില്‍ അനുഭവിച്ചു തീര്‍ത്ത പരീക്ഷണങ്ങളേക്കാള്‍ കഠിനമായിരുന്നോ ഐ.ടി റെയ്ഡും ചോദ്യം ചെയ്യലുമെന്ന് ചോദ്യമുയരുന്നു. റെയ്ഡ് നടക്കുന്നതിനിടെ തോക്ക് എങ്ങനെ കൈയില്‍ വന്നു? എന്തു കൊണ്ട് വെടി ശബ്ദം സഹപ്രവര്‍ത്തകര്‍ കേട്ടില്ല? റോയി തന്നെയാണോ വെടിവെച്ചത്? ആദായ നികുതി വകുപ്പ് കൈക്കൂലി ആവശ്യപ്പെട്ടോ എന്നിങ്ങനെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.




ഇപ്പോഴത്തെ സാഹച്യത്തില്‍ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തില്‍നിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ട് ഇക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലിന്റെ പരിഗണനയ്ക്കും വന്നു. തുടര്‍നടപടികളുടെ ഭാഗമായി ഇതില്‍ 4 കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചത്.

പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്തു മരിക്കാന്‍ തക്ക ഒന്നും ഓഫിസില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും റോയിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സമാന്തര അന്വേഷണം നടത്തുന്നത്.

അതേസമയം, ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ബെന്നര്‍ഘട്ടയിലെ ഡോ റോയ് സി ജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം ആരംഭിക്കും. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാണ് ഡോ ജോയ് സി ജെയുടെ സംസ്‌കാരം നടക്കുക. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും. വിദേശത്ത് റോയിയുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു.




റോയ്യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിനുള്ളില്‍ നിന്നും 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജോസഫിന്റെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.

റോയിയുടെ കുടുംബാംഗങ്ങളുടെയും മറ്റും മൊഴി കര്‍ണാടക സി.ഐ.ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ബിസിനസ് ദുബായിയിലേക്കു കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ റോയ് ദുബായില്‍ വന്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്തു. പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തിലാക്കിയിരുന്നു.

റോയിയുമായി അടുപ്പമുള്ളവരില്‍ ചിലരെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.ഡിസംബറിലെ ഐ.ടി റെയ്ഡിന് ശേഷം ദുബായിലേക്ക് പോയ റോയ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗളൂരുവിലെത്തിയത്. ദുരന്തമുണ്ടായ ദിവസം ഉച്ചയ്ക്ക് 12ഓടെയാണ് ഐ.ടി ഉദ്യോഗസ്ഥര്‍ റിച്ച് മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ആസ്ഥാനത്തെത്തിയത്. റോയി എത്തിയത് ഉച്ചയ്ക്ക് രണ്ടുമണിക്കും. അതിനുശേഷം അമ്മയുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ക്യാബിനിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതായും സഹപ്രവര്‍ത്തകര്‍ പറയുന്നു. വൈകിട്ട് 3.15 ഓടെ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.