അടൂര്‍: അമിതലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവാവ് കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ഗ്യാസ് തുറന്നു വിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഫയര്‍ഫോഴ്സ് സംഘം അപകടം ഒഴിവാക്കി. ഒരു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പള്ളിക്കല്‍പഞ്ചായത്ത് നാലാംവാര്‍ഡില്‍ പയ്യനല്ലൂര്‍ ഇളംപളളില്‍ കൊച്ചുതുണ്ട് തെങ്ങിനാല്‍ വര്‍ഗീസ് ഡാനിയേലിന്റെ വീട്ടിലാണ് മകന്‍ ജോമിന്‍(23) അതിക്രമം നടത്തിയത്. വര്‍ഗീസ് ഡാനിയേല്‍, ഭാര്യ മണി, മകള്‍ ജോമി എന്നിവരെ ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വീട് മുഴുവന്‍ അടിച്ച് തകര്‍ത്തു. കാര്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം അടിച്ചു നശിപ്പിച്ചു. ഇതിന് ശേഷം ഔട്ട് ഹൗസില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്ന് ജനലിലൂടെ വീട്ടിനുള്ളിലേക്ക് തുറന്നുവിട്ടു.

കുടുംബാംഗങ്ങളെ തീ കൊളുത്തി കൊല്ലും എന്ന് ഭീഷണി മുഴക്കി അക്രമാസക്തനായി വീടിന് പുറത്തുനില്‍ക്കുകയുമായിരുന്നു ജോമിന്‍. വിവരമറിഞ്ഞ് അഗ്‌നിശമന സേന ചെല്ലുമ്പോള്‍ ജോമിന്‍ സേനയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജീവനക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഭീതി മൂലം ദൂരെ മാറിനില്‍ക്കുകയായിരുന്നു.

സേനാംഗങ്ങളായ സന്തോഷ്, അനീഷ് കുമാര്‍ എന്നിവര്‍ ടോര്‍ച്ച് തെളിച്ചു ജോമിന്റെ ശ്രദ്ധ തിരിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം അജീഷ്, സാനിഷ് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ചെറിയ ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്ന് വീട്ടുകാരെ സമാധാനിപ്പിച്ചു. ജനലില്‍ കൂടി തുറന്ന് വിട്ടിരുന്ന ഗ്യാസിലിണ്ടര്‍ ഓഫ് ചെയ്തു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം പുറത്തുനിന്ന് പൂട്ടിയ വാതില്‍ തുറന്ന് വര്‍ഗീസ് ഡാനിയേല്‍ ഭാര്യ മണി, ജോമി എന്നിവരെ പുറത്തെത്തിച്ച് തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി.

ഈ സമയം ജോമിന്‍ സേനാംഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുളില്‍ മറഞ്ഞു. സേനാംഗങ്ങള്‍ തുടര്‍ന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ച് അപകടാവസ്ഥകള്‍ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ചു. തുറന്നുവിട്ട ഗ്യാസിന്റെ ഗന്ധം വീട്ടിനുള്ളില്‍ ആകമാനം നിറഞ്ഞിരുന്നതിനാല്‍ ജനാലയുടെ പാളികള്‍ തുറന്നു വായു സഞ്ചാരമുറപ്പാക്കി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീട്ടിലെ ഉപകരണങ്ങള്‍ എല്ലാം ജോമിന്‍ നശിപ്പിച്ചിരുന്നു

വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ത്തു. വീടിന് രണ്ടു വശങ്ങളില്‍ നിന്നും പ്രവേശിക്കാന്‍ രണ്ടു വലിയ ഗേറ്റുകള്‍ ഉണ്ട്. രണ്ട് ഔട്ട് ഹൗസുകളും തൊഴുത്തും 12 അടി ആഴം വരുന്ന മീന്‍ കുളവും സമീപത്തുണ്ട്. മറ്റ് അത്യാഹിതങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി സേന സംഭവ സ്ഥലത്ത് നിന്നും തിരികെ നിലയത്തിലേക്ക് മടങ്ങി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ ഒ അജീഷ് കുമാര്‍, എഫ്.ആര്‍.ഓമാരായ കെ. ശ്രീജിത്ത്, ഷിബു വി. നായര്‍, സന്തോഷ്, സാനിഷ്, അനീഷ് കുമാര്‍, രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രാത്രി 10 മണിയോടെയാണ് ഫയര്‍ ഫോഴ്സ് മടങ്ങിയത്.