ബംഗളൂരു: അധികാര രാഷ്ട്രീയത്തോട് ചേര്‍ന്നു ധനസമ്പാദനം നടത്തുന്നവരെയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റ ഭാഷയില്‍ 'അവതാരങ്ങള്‍'് എന്നു പറയുന്നത്. രാഷ്ട്രീയത്തിലെ അവതാരങ്ങളെ കരുതിയിരിക്കണം എന്നു പറഞ്ഞ പിണറായിക്ക് എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ നിരവധി അവതാരങ്ങള്‍ പിറവിയെടുത്തു. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് നിരവധി പേരാണ് വിവാദങ്ങളില്‍ പെട്ടത്. ഇപ്പോഴിതാ കര്‍ണാടകത്തിലും ഇത്തരം 'അവതാരങ്ങള്‍' കോണ്‍ഗ്രസ് സര്‍ക്കാറിന് തലവേദനയാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കര്‍ണാടകത്തില്‍ വിവാദമാകുന്ന തട്ടിപ്പുകാര്‍ വിലസിയത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരുപറഞ്ഞാണ്. ഡി.കെ. ശിവകുമാറിന്റെയും സഹോദരനും മുന്‍ എം.പിയുമായ ഡി.കെ സുരേഷിന്റെയും സഹോദരിയാണെന്നും, ഉന്നത രാഷ്ട്രീബന്ധമുണ്ടെന്നും പറഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതിയാണ് അറസ്റ്റിലായത്. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്. ഐശ്വര്യയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 2.25 കോടി രൂപ കണ്ടെടുത്തു. ഐശ്വര്യക്കും ഭര്‍ത്താവ് കെ.എന്‍. ഹരീഷിനും മറ്റുള്ളവര്‍ക്കുമെതിരെ കര്‍ണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് സാമ്പത്തിക അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്.

ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്താണ് പണവും സ്വര്‍ണവുമടക്കംം തട്ടിയത്. വാഗ്ദാനം ചെയ്ത റിട്ടേണുകളൊന്നും നല്‍കിയില്ലെന്നും റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. രാഷ്ട്രീയ ബന്ധം പറഞ്ഞ് ഇരകളെ ഐശ്വര്യ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തട്ടിപ്പ് വ്യാപകമായതോടയാണ് അന്വേഷണം ഏജന്‍സികള്‍ രംഗത്തുവന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഐശ്വര്യയുമായും കൂട്ടാളികളുമായും ബന്ധപ്പെട്ട 14 സ്ഥലങ്ങളില്‍ ഇ.ഡിയുടെ ബംഗളൂരു സോണല്‍ ഓഫീസ് നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. ഡി.കെ. സുരേഷിന്റെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ബംഗളൂരു ആസ്ഥാനമായ ജ്വല്ലറിയില്‍നിന്ന് 9.82 കോടി രൂപയുടെ സ്വര്‍ണം വഞ്ചിച്ചെന്നാണ് ഐശ്വര്യയ്ക്കെതിരെയുള്ള പ്രധാന ആരോപണം. തന്റെ കുടുംബവും ഐശ്വര്യ ഗൗഡയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഡി.കെ. സുരേഷ് പ്രതികരിച്ചു. അതേസമയം യുവതിക്ക് കോണ്‍ഗ്രസ് ബന്ധങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.