ന്യൂഡൽഹി: പ്രായാധിക്യം മൂലമുള്ള രോഗവ്യഥകളാൽ മരണപ്പെടുമ്പോഴും ഫാദർ സ്റ്റാൻ സ്വാമിക്ക് മേൽ ചാർത്തപ്പെട്ടത് തീവ്രവാദി എന്ന മുദ്രയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ചത് എൻഐഎയാണ്. അർബൻ നക്‌സൽ മുദ്രയടക്കം ചാർത്തപ്പെട്ട സ്വാമിക്ക് മനുഷ്യാവകാശ ലംഘനങ്ങളും നേരിടേണ്ടി വന്നു. ഇതിനെല്ലാം ഒടുവിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. സ്വാമിക്കെതിരെ തെളിവുകൾ അന്വേഷണ ഏജൻസി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ആരോപണങ്ങളും അന്ന് ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നത്.

ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റു ബന്ധം ഉണ്ടായിരുന്നതായി ആരോപിച്ചുള്ള 'തെളിവുകൾ' അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ സൈബർ ആക്രമണം വഴി നിക്ഷേപിച്ചതാണെന്ന് അമേരിക്കൻ ഫോറൻസിക് ലാബ് റിപ്പോർട്ട്. ബോസ്റ്റൺ ആസ്ഥാനമായ ആർസണൽ കൺസൾട്ടിങ് എന്ന ഏജൻസിയുടെ പരിശോധനറിപ്പോർട്ട് 'ദി വാഷിങ്ടൺ പോസ്റ്റ്' പുറത്തുവിട്ടു. ഇതോടെ ഈ കേസ് ഇന്ത്യയിൽ വീണ്ടും കോളിളക്കം സൃഷ്ടിക്കാൻ ഇടയുണ്ട്. പെഗസ്സസ് സോഫ്‌റ്റ്‌വെയർ ആരോപണം അടക്കം നിലനിൽക്കവേയാണ് സ്റ്റാൻ സ്വാമിയുടെ വിഷയവും വാർത്തയാകുന്നത്.

ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് ഇലക്ട്രോണിക് തെളിവുകളുടെ നിജസ്ഥിതി പരിശോധിക്കാൻ ഇവരുടെ സഹായം തേടിയത്. ഭീമ കൊറഗാവ് കേസിൽഎൻഐഎ അറസ്റ്റു ചെയ്ത ഫാ. സ്റ്റാൻസ്വാമി കസ്റ്റഡിയിൽ കഴിയവെ രോഗം ബാധിച്ച് കഴിഞ്ഞവർഷം ജൂലൈയിൽ മരിച്ചു. റാഞ്ചിയിൽ ജസ്യൂട്ട് വൈദികനായിരുന്ന സ്റ്റാൻസ്വാമിയുടെ കംപ്യൂട്ടർ 2014 മുതൽ അഞ്ച് വർഷം സൈബർ നുഴഞ്ഞുകയറ്റത്തിന് വിധേയമായെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

ഫാ. സ്റ്റാൻ സ്വാമിയുടെ മാവോയിസ്റ്റ്ബന്ധം വ്യക്തമാക്കുന്ന 44 രേഖകൾ അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയെന്നാണ് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എന്നാൽ 22 ഫോൾഡറിലായി ലാപ്ടോപ്പിൽ ഉണ്ടായിരുന്ന ഈ രേഖകൾ അദ്ദേഹം ഒരിക്കൽപോലും തുറന്നിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞു. സൈബർ ആക്രമണത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ 2019 ജൂൺ 11നു ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ട്.

ജൂൺ 12നാണ് ഫാ. സ്റ്റാൻസ്വാമിയുടെ ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് നടപടിയെക്കുറിച്ച് സൈബർ അക്രമിക്ക് വിവരം ലഭിച്ചിരുന്നെന്ന സംശയവും ഉയരുന്നു. ഇതേ കേസിൽ എൻഐഎ പ്രതികളാക്കിയ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ കംപ്യൂട്ടറുകളും ഇതേ രീതിയിൽ സൈബർ ആക്രമണത്തിന് വിധേയമായെന്ന് ആർസണൽ കൺസൾട്ടിങ് കണ്ടെത്തിയിരുന്നു.

നേരത്തെ സ്റ്റാൻ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളാണ് നക്‌സൽ ഗൂഢാലോചനയിൽ സ്വാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ എൻ.ഐ.എ ഉപയോഗിച്ചത്. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് ഫോറൻസിക് സ്ഥാപനത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. മാവോയിസ്റ്റുകളുടെ കത്ത് ഉൾപ്പടെ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഭീമ കൊറേഗാവ് കേസിലാണ് സ്റ്റാൻ സ്വാമി അറസ്റ്റിലായത്. സ്വാമിയുടെ അറസ്റ്റിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ആദിവാസി അവകാശങ്ങൾക്കായി പോരാടി, 'തീവ്രവാദിയാക്കി' ഭരണകൂടം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് സ്റ്റാൻ സ്വാമി. മുഴുവൻ പേര് ഫാദ.സ്റ്റാൻ ലൂർദ്ദുസ്വാമി. ജസ്യൂട്ട് പാതിരിയായിരുന്നു. ആദിവാസിക്ഷേമപ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി. വിശേഷിച്ച് ഝാർഖണ്ഡിലെ. 1975 മുതൽ 1986 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബെംഗളൂരു ഡയറക്ടറായിരുന്നു. പിന്നീട്, ഝാർഖണ്ഡിലെത്തി ഭൂമി നഷ്ടപ്പെട്ടവരായ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ചു.

1937 ഏപ്രിൽ 26 ന് കർഷകരായ മാതാപിതാക്കളുടെ മകനായി ജനിച്ച സ്റ്റാൻ സ്വാമിയുടെ 20 വർഷത്തെ കരിയറിൽ ഏറിയ പങ്കും ഝാർഖണ്ഡിലെ തനത് ഗോത്രവിഭാഗങ്ങൾക്ക് വേണ്ടിയോ ആദിവാസികളുടെ അവകാശപോരാട്ടത്തിന് വേണ്ടിയോ ആണ് ഉഴിഞ്ഞുവച്ചത്. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിൽ അടച്ച 3000 ത്തോളം യുവതീയുവാക്കളുടെ മോചനത്തിനായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദൂരഗ്രാമങ്ങളിൽ സഞ്ചരിച്ച് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കി. ഖനികളും, അണക്കെട്ടുകളും, ടൗൺഷിപ്പുകളുമൊക്കെ അവരുടെ അറിവോ സമ്മതമോ കൂടാതെ കെട്ടിപ്പൊക്കുന്നതും, തങ്ങളുടെ ഭൂമി നഷ്ടപരിഹാരം കൊടുക്കാതെ ഇല്ലാതാക്കുന്നതിലെ അനീതിയും ഒക്കെ അവരെ ബോധവത്കരിച്ചു.

തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജസ്യൂട്ട് പാതിരിമാരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1957 ൽ മതപഠനത്തോടൊപ്പം പാവപ്പെട്ടവരുടെയും, പീഡിതരുടെയും ഉന്നമനത്തിനായി സ്വയം സമർപ്പിച്ചു. 1970 കളിൽ ഫിലിപ്പൈൻസിൽ ദൈവശാസ്ത്രവും സോസിയോളജിയിൽ ബിരുദാനന്തര ബിരുദവും എടുത്തു. 1971 ൽ മടങ്ങി എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് ഖനിമാഫിയയ്ക്കെതിരായ ആദിവാസിജനതയുടെ കലാപത്തോട് തുറന്ന അനുഭാവം പ്രകടിപ്പിച്ചു. പൊതുഭൂമിയിലും വിഭവങ്ങളിലും അവർക്കുള്ള അവകാശങ്ങൾ ഊന്നിപ്പറഞ്ഞു. ഫാക്ടറികൾക്കും ഖനികൾക്കും വേണ്ടി വൻകിട കോർപറേഷനുകൾ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനെ കുറിച്ച് നിരന്തരം ലേഖനങ്ങൾ എഴുതി.

നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മുന്നണി സംഘടനകളിലെ അംഗമെന്ന് ആരോപിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അദ്ദേഹത്തെയും ചില സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. സ്വാമി മാവോയിസ്റ്റാണെന്ന് എൻഐഎ ആവർത്തിച്ചുപറഞ്ഞു. സ്വാമി അത് നിഷേധിച്ചുകൊണ്ടുമിരുന്നു.
2018 ജനുവരി ഒന്നിന് ഭീമ കോറിഗാവ് യുദ്ധ വിജയാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പ്രേരണ നൽകിയത് മാവോയിസ്റ്റ് ബന്ധമുള്ള എൽഗാർ പരിപഷദ് പരിപാടിയാണ് എന്നാണ് പൊലീസിന്റെ ആരോപണം. എൽഗർ പരിഷത്ത് കേസ് 2017 ഡിസംബർ 31 ന് പൂണെയിൽ നടന്ന ഒരു കോൺക്ലേവിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. പൂണെയ്ക്കടുത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് പ്രേരിപ്പിച്ചതായി സ്റ്റാൻസ്വാമിയും കാരണമായതായി പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള ആളുകളാണ് കോൺക്ലേവ് സംഘടിപ്പിച്ചതെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ദ്ധർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രഗല്ഭ പത്രപ്രവർത്തകനായ ഗൗതം നവലാഖ, തെലുഗ് കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും ട്രേഡ് യൂണിയൻ സംഘാടകയുമായ സുധാ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമിക് വിദഗ്ധരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, മലയാളികളായ റോണ വിൽസൺ, ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർ ഹാനി ബാബു എന്നിവർ ഈ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.

സ്ട്രോ പോലും അനുവദിക്കപ്പെട്ടില്ല

കഴിഞ്ഞ വർഷത്തെ അറസ്റ്റിന് ശേഷം പാർക്കിൻസൺസ് രോഗിയായ തനിക്ക് സിപ്പർ ബോട്ടിലും സ്ട്രോയും അനുവദിക്കണമെന്ന് സ്റ്റാൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇരുകാതുകൾക്കും കേൾവിക്കുറവ്, സന്ധി വേദന, പ്രായത്തിന്റേതായ മറ്റ് അസ്വസ്ഥതകൾ എല്ലാം അ്ദ്ദേഹത്തെ അലട്ടി. കൈവിറയൽ ഉള്ളത് കാരണം വെള്ളം കുടിക്കാനുള്ള ഗ്ലാസ് പിടിക്കാൻ കഴിയില്ലായിരുന്നു. വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും വേണമെന്ന് അദ്ദേഹം നിരവധി തവണ ജയിലധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, ഒരുഫലവുമുണ്ടായില്ല. ഒടുവിൽ, ഇക്കാര്യമുന്നയിച്ച് നവംബർ ആറിന് അദ്ദേഹം കോടതിക്ക് അപേക്ഷ നൽകി.

ഒക്ടോബർ എട്ടിന് തന്നെ അറസ്റ്റ് ചെയ്യുമ്പോൾ ബാഗിൽ ഇവ രണ്ടുമുണ്ടായിരുന്നെന്നും അതുതന്നെ നൽകിയാൽ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ മറുപടി നൽകാൻ എൻ.ഐ.എക്ക് നൽകിയത് 20 ദിവസത്തെ സമയം. എന്നാൽ, 20ദിവസത്തിന് ശേഷം എൻ.ഐ.എയുടെ മറുപടി സ്റ്റാൻ സ്വാമിക്ക് നിരാശാജനകമായിരുന്നു. തങ്ങൾ പിടിച്ചെടുത്തവയിൽ സ്േട്രായും സിപ്പർ കപ്പും ഇല്ല എന്നായിരുന്നു. ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സ്ട്രോ അനുവദിക്കാൻ തീരുമാനമായത്.

കോവിഡ് ബാധിതനായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഒടുനിൽ കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അദ്ദേഹം ഐസിയുവിലായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു. വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിൻഡെ ഇങ്ങനെ പ്രതികരിച്ചു.'അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ സ്തബ്ധരാണ്. ഏറ്റവുമൊടുവിൽ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തുടരാൻ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല''.