ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണലില്‍ ജഡ്ജി ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളും സഹായിയും അറസ്റ്റിലായി. സബഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തുക വായ്പയെടുത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശ കുറച്ചു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തിരുന്നവരാണ് പിടിയിലായത്. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് (40), ആലപ്പുഴ മാന്നാര്‍ അച്ചത്തറ വടക്കേതില്‍ എസ്.സുമേഷ് (36) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കാട്ടൂര്‍ ഭാഗത്തുള്ള ഒരു വീട്ടില്‍ നിന്ന് പിടികൂടിയത്.

വെഞ്ഞാറമൂട്ടിലെ പ്രവാസിയുടെ പക്കല്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴയില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ടെന്ന് വിവരം ലഭിച്ചു. വെഞ്ഞാറമൂട് പൊലീസ് അറിയിച്ചതനുസരിച്ചാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പരിശോധന നടത്തിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ രാജേഷ് നേതൃത്വത്തിലുള്ള സംഘം കാട്ടൂര്‍ ഭാഗത്തെ വീട്ടില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

ജിഗീഷ് ജഡ്ജായും, സുമേഷ് ഡ്രൈവര്‍ ആണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളുടെ വീട്ടില്‍ നിന്ന് 88,000 രൂപ, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ തുടങ്ങിയവ പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ ആലപ്പുഴയിലെ രാമങ്കരി, പുളിങ്കുന്ന്, എടത്വ സ്റ്റേഷനുകളിലും, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുമായി 17 കേസുകള്‍ നിലവിലുണ്ട്. പുതിതായി എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.