തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ബെയ്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന് മുമ്പും ബെയ്‌ലിന്റെ ഭാഗത്തു നിന്നും മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്‌ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ പോയ ബെയ്ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മര്‍ദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമാണ് ബെയ്ലിന്‍,ശ്യാമിലിയെ മര്‍ദ്ദിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. സഹപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെയാണ് ബെയ്ലിന്‍ യുവതിയെ മര്‍ദ്ദിച്ചത്. ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വര്‍ഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്‌ലിന്‍ അറിയിച്ചു. എന്നാല്‍, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാന്‍ നിര്‍ബന്ധിച്ചു. തിങ്കളാഴ്ച ഓഫീസില്‍ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മര്‍ദ്ദിക്കുകയായിരുന്നു.

അതേസയമം സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. പരാതിക്കാരിയായ അഭിഭാഷകയുടെ കവിളില്‍ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതിയില്‍ നിന്ന് നേരത്തെയും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ നിന്ന് വ്യക്തമാകുന്നത്.

ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അതിക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെട്ട ഭാരതീയ ന്യായ സംഗീതയിലെ വകുപ്പ് 74നപ്പുറം ചുമത്തിയ മറ്റ് രണ്ടു വകുപ്പുകളും അങ്ങേയറ്റം ദുര്‍ബലം. നേരത്തെയും സമാന രീതിയിലുള്ള അനുഭവം സീനിയര്‍ അഭിഭാഷകനില്‍ നിന്ന് ഉണ്ടായെന്ന ജൂനിയര്‍ അഭിഭാഷകയുടെ ആരോപണവും പൊലീസ് കണക്കിലെടുത്തിട്ടില്ല.

ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂര്‍ പൊലീസ് ജൂനിയര്‍ അഭിഭാഷകയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതി ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇടതു കവിളില്‍ രണ്ടു തവണ അടിയേറ്റ ശാമിലിക്ക് സംസാരിക്കുന്നതിനടക്കം പ്രയാസമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശം നല്‍കിയെങ്കിലും പാല് കുടിക്കുന്ന കുഞ്ഞുള്ളതിനാല്‍ വീട്ടിലേക്ക് വന്ന ശ്യാമിലി ഇന്ന് വിദഗ്ധ ചികിത്സ തേടിയേക്കും. പൊലീസിന് പുറമേ വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.