കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ വനിതാ സുഹൃത്തിന്റെ അറസ്റ്റിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനും പിടിയിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്‌പെൻഷനിലായിരുന്ന പൊലീസ് ഇൻസ്‌പെക്ടറാണ് അറസ്റ്റിലായത്. ചങ്ങനാശേരി ചെന്നിക്കടുപ്പിൽ സി.ടി സഞ്ജയ് (47) ആണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ കാൻ അഷ്വർ സ്ഥാപന ഉടമ പ്രീതി മാത്യുവിനെ (50) ചൊവാഴ്ച പൊലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കാൻ അഷ്വറിൽ വിദേശ ജോലി ആഗ്രഹിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവർ നിരവധിയുണ്ട്. ഇവർക്ക് ജോലി ലഭിക്കാതെ വരികയും പണം തിരികെ ചോദിച്ചപ്പോൾ സഞജയ്നെ ഉപയോഗിച്ച് വിരട്ടുകയുമായിരുന്നു.

കോട്ടയം ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ഇവിടെ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നു. യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതിക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ട്യൂഷൻ ഇൻസ്റ്റിറ്റ്യൂട്ടായാണ് പ്രീതി കോട്ടയത്ത് സ്ഥാപനം ആരംഭിച്ചത്. വിദേശത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ലൈസൻസ് സ്ഥാപനത്തിനില്ല. പോലീസിലെ പദവി ഉപയോഗിച്ച് പല ഉദ്യോഗാർഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. തലപ്പുലം സ്വദേശിയായ മധ്യവയസ്സയുടെ മകൾക്ക് യു.കെ.യിൽ ജോലിവാങ്ങി നൽകാമെന്ന് പറഞ്ഞ് 8.6 ലക്ഷവും, സെക്രട്ടേറിയറ്റ് ജീവനക്കാരിയിൽ നിന്ന് ഏഴ് ലക്ഷവും ഇവരുടെ വീട് ഉൾപ്പെടുന്ന 28 സെന്റ് സ്ഥലത്തിൻ്റെ ആധാരവും വാങ്ങി. ആധാരം പണയപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്തു. ഈ വസ്തു ജപ്തി നടപടി നേരിടുകയാണ്. ഇത്തരത്തിൽ നിരവധി തട്ടിപ്പ് വിവിധ സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കേസിൽ കാൻ അഷ്വർ സ്ഥാപന ഉടമ പ്രീതി മാത്യുവാണ് മുഖ്യപ്രതി. അന്വേഷണത്തിൽ ഇൻസ്‌പെക്ടർ സഞ്ജയും തട്ടിപ്പിൽ പങ്കാളികളായി എന്നും കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്‌ത വിവരം അറിഞ്ഞത് മുതൽ ഇരുവരും ഒളിവിൽ പോയി. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സി.ടി. സഞ്ജയ് പ്രീതിയുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ ഇൻസ്പെക്ടറുടെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തതിൻ്റെ രേഖകളും പരസ്പരമുള്ള ഫോൺവിളികളുടെ രേഖകളും പോലീസ് ശേഖരിച്ചു. ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ സി. ടി സഞ്ജയെ ആറുമാസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു.

യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെ പേരിൽനിന്ന് കാൻ അഷ്വർ എന്ന സ്ഥാപനത്തിൻ്റെ പേരിൽ പണം വാങ്ങിയിട്ടുണ്ട്. പത്തനംതിട്ട കീഴായൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി ഇൻസ്പെക്ടർ അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഇരുവരും തട്ടിപ്പിൽ പങ്കാളികളായി. കൂടുതൽ ആളുകളിൽനിന്ന് പണം തട്ടിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഉത്തരവിട്ടു. കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസ് ഏറ്റെടുത്തു.

കോട്ടയം ജില്ലയിൽ സ്ഥാപനത്തിനെതിരേ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വയനാട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളമടക്കം മറ്റ് ജില്ലകളിലും സമാനപരാതികൾ ഉണ്ട്. കർണാടകയിലെ കുടകിലായിരുന്നു ഇരുവരും മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രീതിയ്ക്കായി പൊലീസ് കർണ്ണാടകയിലെ കുടകിൽ അന്വേഷണം നടത്തി. വെസ്റ്റ് പൊലിസ് കുടകിലെത്തി പ്രതികൾ താമസിച്ചിരുന്ന വീട് വളഞ്ഞു. അപകടം മനസിലാക്കിയ സഞ്ജയ് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് പ്രീതിയെ കുടകിൽ നിന്നും പിടികൂടിയത്. ഇന്നലെയാണ് സഞ്ജയ്നെ അറസ്റ്റ് ചെയ്യുന്നത്. ഇൻസ്‌പെക്ടറെയും പൊലീസ് സംഘം കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.