മലപ്പുറം: അധ്യാപികയെ കബളിപ്പിച്ച് 47 ലക്ഷം രൂപയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൻ ഫിറോസ് (51)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ റംലത്ത് (മാളു 43) നെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തലക്കടത്തൂർ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കിയ ശേഷം കബളിപ്പിച്ചത്.

പൂർവ വിദ്യാർഥി സംഗമത്തിൽ വെച്ചാണ് പ്രതിയും അധ്യാപികയും വീണ്ടും പരിചയപ്പെട്ടത്. തുടർന്ന് വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച ഫിറോസ്, പക്ഷാഘാതം ബാധിച്ചതിനാലും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞ് അധ്യാപികയുടെ സഹതാപം നേടുകയായിരുന്നു. ആദ്യം ബിസിനസ് തുടങ്ങാനായി ഒരു ലക്ഷം രൂപയും പിന്നീട് വീണ്ടും ഒരു ലക്ഷം രൂപയും പ്രതി വാങ്ങി. പലിശ കൃത്യമായി തിരികെ നൽകി ഇയാൾ വിശ്വാസ്യത ഉറപ്പുവരുത്തി. പിന്നീട് ബിസിനസ് വിപുലീകരിക്കാനാണെന്ന് പറഞ്ഞ് 21 പവൻ സ്വർണവും അധ്യാപികയിൽ നിന്ന് തട്ടിയെടുത്തു.

മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് അധ്യാപികയ്ക്ക് സംശയം തോന്നിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ് കർണാടകയിലെ ഹാസനിൽ ആർഭാട ജീവിതം നയിക്കുകയാണെന്ന് വിവരം ലഭിച്ചത്. ദർഗ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഇയാളുടെ വാഹനം കണ്ടെത്തിയതോടെയാണ് പൊലീസ് വലയിലാക്കുന്നത്.

2019 മുതൽ 25 വരെയാണ് തട്ടിപ്പ് നടന്നത്. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ഭാര്യ റംലത്തിനെയും കൂട്ടി പണം വാങ്ങാനെത്തിയതായി അധ്യാപികയുടെ പരാതിയിലുണ്ട്. ഈ സംഭവത്തിൽ മകളുടെ വിവാഹത്തിനായി കരുതിവെച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടതെന്നും ഇത് വിവാഹം മുടങ്ങാൻ കാരണമായെന്നും അധ്യാപിക അറിയിച്ചു.