വെഞ്ഞാറമൂട്: കേരള ബാങ്കിൽ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കി കൊടുക്കാമെന്ന് വാഗ്ദാനം നൽകി ദമ്പതിമാരിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റിലായതോടെ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗേഷ് (40), ആലപ്പുഴ മാന്നാർ അച്ചത്തറ വടക്കേതിൽവീട്ടിൽ സുമേഷ് (36) എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. പ്രതിയായ യുവാവിന്റെ ലാപ്ടോപ്പിൽനിന്നും ഇവർ നടത്തിയ മറ്റ് തട്ടിപ്പുകളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പുപരാതികൾ പ്രതികൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു.

2022ലാണ് കേസിനാസ്പദമായ സംഭവം. ബാങ്കിലെ കുടിശ്ശിക തീർപ്പാക്കാൻ നൽകാമെന്നും, വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സഹായിക്കാമെന്നും വാഗ്ദാനം നൽകിയാണ് പ്രതികൾ പണം തട്ടിയത്. പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഒമാനിൽ ഡ്രൈവറാണ്. അവിടത്തെ പരിചയക്കാരൻ വഴിയാണ് യുവതി പ്രതികളെ പരിചയപ്പെട്ടത്. കേരള ബാങ്കിന്റെ കാര്യങ്ങൾ നോക്കുന്ന ജഡ്‌ജി വരുമെന്നും ശ്രമിച്ചാൽ വായ്പത്തുക ബാങ്കിനെക്കൊണ്ട് കിട്ടാക്കടമായി എഴുതിത്തള്ളി വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സാധിക്കുമെന്നും ദമ്പതിമാരെ ഇവർ വിശ്വസിപ്പിച്ചു.

തുടർന്ന് വെമ്പായത്തുവെച്ച് നാലംഗസംഘത്തിന് യുവതി പണം കൈമാറുകയായിരുന്നു. മൂന്നുതവണകളായാണ് ആറുലക്ഷം രൂപയാണ് ദമ്പതിമാരിൽനിന്നു സംഘം തട്ടിയത്. സംഭവം തട്ടിപ്പാണെന്നു മനസ്സിലായതോടെയാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന സംഘത്തിലെ രണ്ട് പേരെ പിടികൂടിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രതിയായ യുവാവിന്റെ ലാപ്ടോപ്പിൽനിന്ന്‌ ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിനൽകുന്നതിന്റെ ദേവസ്വം ബോർഡ് നൽകുന്ന വ്യാജ നിയമന ഉത്തരവുകളും യുപിഎസ്‌സിയുടെ ഇന്റർവ്യു ലെറ്ററുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം നടത്തി വരികയാണ്.