നോയിഡ: ഉത്തർപ്രദേശിൽ വ്യാജ ട്രാവൽ കമ്പനി പിടിയിൽ. കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ഇവരുടെ രീതി. സംഭവത്തിൽ വ്യാജ ട്രാവൽ കമ്പനി നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ആളുകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ 32 പേരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിൽ 17 പേർ സ്ത്രീകളാണ്.

യുപി നോയിഡയിൽ 'കൺട്രി ഹോളിഡേ ട്രാവൽ ഇന്ത്യ ലിമിറ്റഡ്' എന്ന പേരിലാണ് തട്ടിപ്പ് സംഘം അറിയപ്പെട്ടത്. വലിയ ആകർഷകമായ ഹോളിഡേ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടും. അതിനുശേഷം ഉപഭോക്താക്കളുടെ കോളുകൾ എടുക്കാതെയും നേരിൽ ചെന്ന് അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി നൽകാതെയും നീട്ടിക്കൊണ്ട് പോകും.

നാല് ലാപ്‌ടോപ്പുകൾ, മൂന്ന് മോണിറ്ററുകൾ, മൂന്ന് സിപിയു, നാല് ചാർജറുകൾ, രണ്ട് റൂട്ടറുകൾ, മൂന്ന് ഐപാഡുകൾ, മൊബൈൽ ഫോൺ, നിരവധി രേഖകൾ എന്നിവ പോലീസ് പിടിയിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി പേർ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുടുങ്ങിയതായി പോലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിലേക്ക് ഒമ്പത് ദിവസത്തെ ആഡംബര യാത്രകളാണ് വാഗ്ദാനം ചെയ്തിരുന്നത്. തുക കൈമാറുന്നതോടെ ജീവനക്കാരെ ബന്ധപ്പെടാൻ കഴിയാതെ വരും. ഇതോടെയാണ് പോലീസിൽ പരാതി എത്തിയത്.

അമ്രപാലി ഈഡൻ പാർക്ക് അപ്പാർട്ട്‌മെന്‍റിലെ താമസക്കാരിയായ അനിതയാണ് ആദ്യം രേഖാമൂലം പരാതി നൽകിയത്. കേരളത്തിലേക്കുള്ള യാത്രയ്ക്ക് അനിത 84,000 രൂപയാണ് കൈമാറിയത്. പിന്നാലെ നോയിഡയിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചിരുന്നു.