- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉറ്റവർ കൂടെ ഉണ്ടായിരുന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു? അവസാനം നടന്നെത്തിയത് വെള്ളച്ചാട്ടത്തിനടുത്തുള്ള കുന്നിൻ പ്രദേശത്ത്; പിന്നീട് ഒരു വിവരവും ഇല്ല; കുടകിൽ ട്രെക്കിംഗിനായി എത്തിയ മലയാളി പെൺകുട്ടിയെ കാണാതായി; കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ; പരിഭ്രാന്തിയിൽ കുടുംബം

ചിക്കമഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു. കുടകിൽ ട്രെക്കിംഗിനിടെ ശരണ്യ എന്ന പെൺകുട്ടിയെ കാണാതായതിന് പിന്നാലെ, ചിക്കമഗളൂരുവിലെ പ്രശസ്തമായ മുളയനഗിരിയിൽ മറ്റൊരു മലയാളി പെൺകുട്ടിയെക്കൂടി കാണാതായി. പാലക്കാട് സ്വദേശിനിയായ പതിനാലുകാരി നന്ദനയെയാണ് വനമേഖലയിൽ വെച്ച് കാണാതായത്.
മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നാൽപ്പതോളം പേരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചന്ദ്രദ്രോണ പർവതനിരയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ചാണ് നന്ദനയെ സംഘത്തിൽ നിന്നും കാണാതായത്. വൈകുന്നേരം ആറ് മണിയോടെ കുന്ന് ഇറങ്ങുന്നതിനിടെ കുട്ടി സംഘത്തിൽ നിന്നും വേർപെട്ടു പോവുകയായിരുന്നു.
ആദ്യം കുട്ടി അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതി മാതാപിതാക്കളും കൂടെയുള്ളവരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമയം വൈകുംതോറും ആശങ്ക വർദ്ധിച്ചതോടെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. എന്നാൽ രാത്രി എട്ട് മണിയോടെ പ്രദേശം കനത്ത മൂടൽമഞ്ഞിലും ഇരുട്ടിലും അമർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞ മാണിക്യധാര പ്രദേശം അപകടസാധ്യതയേറിയ ഇടമാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനമേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
രാത്രി മുഴുവൻ പോലീസ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി. പുലർച്ചെ 4:30 വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖല അരിച്ചുപെറുക്കിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) വനംവകുപ്പിന്റെ പ്രത്യേക സംഘവും തിരച്ചിലിനായി രംഗത്തുണ്ട്.
ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പെൺകുട്ടി വഴിതെറ്റി ഉൾവനത്തിലേക്ക് പോയതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കുടകിൽ ശരണ്യ എന്ന പെൺകുട്ടിയെ കാണാതായ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ ഉണ്ടായ ഈ തിരോധാനം കർണാടകയിലെത്തുന്ന മലയാളി വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അപരിചിതമായ വനമേഖലകളിൽ ട്രെക്കിംഗിനും മറ്റും പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. നന്ദനയെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. പോലീസും സന്നദ്ധ പ്രവർത്തകരും വനത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ തുടരുകയാണ്.


