പട്ന: അനധികൃത സ്വത്ത് സമ്പാദിച്ചതിന് ബിഹാറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. എന്നാൽ പണത്തെക്കാൾ ചർച്ചയായത് ഇയാളുടെ സ്വകാര്യ ജീവിതം തന്നെയായിരുന്നു. ഏകദേശം നൂറ് കോടിയുടെ ആരോപണമാണ് കിഷന്‍ഗഞ്ച് എസ്‌ഡിപിഒ (സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍) ഗൗതം കുമാറിനെതിരെ ഉയർന്നത്. ഗൗതമിന്റെ സ്വത്തുക്കളേക്കാൾ ചർച്ചയാകുന്നത് ഇയാളുടെ കാമുകിമാരുടെ എണ്ണത്തെക്കുറിച്ചാണ്.

ഗൗതമിന്റെ വിവാഹവും ഒരു സിനിമാക്കഥ പോലെ നാടകീയമായിരുന്നു. തന്റെ അമ്മാവന്റെ മകളുടെ കൂട്ടുകാരിയായിരുന്ന റൂബി കശ്യപ് എന്ന യുവതിയെയാണ് ഗൗതം പ്രണയിച്ച് വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഈ വിവാഹം. എന്നാൽ ഗൗതമിന്റെ അവിഹിത ബന്ധങ്ങളും വഴിവിട്ട പോക്കും റൂബിക്ക് വലിയ തലവേദനയായിരുന്നു. ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെ റൂബി പലതവണ എതിർത്തുവെങ്കിലും ഗൗതം അതൊന്നും വകവെച്ചില്ല. അഴിമതിയിലൂടെ ലഭിക്കുന്ന പണം മുഴുവൻ തന്റെ കാമുകിമാർക്കായി ചിലവഴിക്കാനും അവരുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടാനുമായിരുന്നു ഈ പോലീസുകാരന് താൽപ്പര്യം. ഭാര്യയെയും കുടുംബത്തെയും അവഗണിച്ച് കാമുകിമാർക്കായി ആഡംബര ജീവിതം ഒരുക്കിയ ഗൗതമിന്റെ സാമ്രാജ്യമാണ് ഇപ്പോൾ വിജിലൻസ് തകർത്തിരിക്കുന്നത്.

റൂബിയെ വിവാഹം ചെയ്തതിന് ശേൽം ഷഗുഫ്ത ഷമീം എന്ന മുസ്ലീം യുവതിയെ പ്രണയിച്ച ഗൗതം അവരെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഷഗുഫ്തയുടെ പേരിൽ ഏഴോളം വിലപിടിപ്പുള്ള വസ്തുവകകളാണ് ഇയാൾ വാങ്ങി കൂട്ടിയിരിക്കുന്നത്. അഴിമതിപ്പണം കൊണ്ട് ആഡംബര ജീവിതം നയിച്ച ഈ പോലീസുകാരന്റെ കൂടുതൽ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരികയാണ്.തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം കണ്ടെത്താനും ഇയാൾ തന്റെ കാമുകിമാരെ മറയാക്കിയെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഗൗതം കുമാറിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന മറ്റൊരു സ്ത്രീ ബന്ധത്തിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നു. ബെച്‌നി എന്ന യുവതിയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അവർക്കായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ ഗൗതം അവരെ പാറ്റ്‌നയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും രാഷ്ട്രീയക്കാരനായി വളരാനായിരുന്നു ഇയാളുടെ നീക്കം. ഇതിനായി അഴിമതിയിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സീറ്റ് ഉറപ്പിക്കാൻ ഇയാൾ നീക്കം നടത്തിയിരുന്നു. കിഷൻഗഞ്ച് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു ഇയാളുടെ നീക്കം. ഇതിനായി രണ്ട് കാമുകിമാരുടെ സഹായവും ഇയാൾ തേടിയിരുന്നു. ഗൗതം കുമാറിന്‍റെ വീട്ടുജോലിക്കാരി പാറൊവായിരുന്നു കഥയിലെ മറ്റൊരു വില്ലത്തി.

കേസില്‍ ആദ്യം പാറൊ നിരീക്ഷണത്തിലേ ഇല്ലായിരുന്നു. എന്നാല്‍ ഇവരുടെ വൈറലായ റീലുകള്‍ കുത്തിപ്പൊക്കിയപ്പോഴാണ് അതിസമ്പന്നമായ ഇവരുടെ ജീവിതം വെളിയില്‍‌ വരുന്നത്. പാറൊ ഥാര്‍ എസ്‌യുവി ഓടിക്കുന്നതും, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതും വലിയ കെട്ട് പണത്തെ ചുംബിക്കുന്നതും അത് വീശുന്നതും റീലില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസിന് ഇവര്‍ ഗൗതം കുമാറിന്‍റെ വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന ആളും ബിനാമിയുമായിരുന്നുവെന്ന് കണ്ടെത്തി.

എംഎൽഎ ആകണമെന്ന മോഹം ഡിഎസ്പി ഗൗതം കുമാറിന്റെ ഉള്ളിൽ പണ്ടേ ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ പറയുന്നത് പ്രകാരം, ഈ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടും ഗൗതം വെച്ചത് അതീവ ആസൂത്രണത്തോടെയായിരുന്നു. മുസ്ലീം വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഇയാൾ ഷഗുഫ്ത ഷമീമിനെ തന്റെ കാമുകിയാക്കിയത്.

സ്വന്തം ഭാര്യയേക്കാൾ കൂടുതൽ സ്വത്തുക്കൾ ഗൗതം വാങ്ങിക്കൂട്ടിയത് കാമുകിയായ ഷഗുഫ്തയുടെ പേരിലാണ്. പത്ത് വർഷത്തോളമായി തുടരുന്ന ഈ ബന്ധം കേവലം പ്രണയമല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നു. കിഷൻഗഞ്ചിലെ മുൻ എംഎൽഎയുമായി ഗൗതമിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ഒത്തുകൂടുകയും വിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാൻ ഈ മുൻ എംഎൽഎയുടെ സഹായം ഗൗതമിന് ലഭിച്ചിരുന്നുവെന്നാണ് വിവരം. അഴിമതിയിലൂടെ സമ്പാദിച്ച കോടികൾ വെളുപ്പിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടാനും ഗൗതമിനെ സഹായിച്ചത് കിഷൻഗഞ്ചിലെ ആ മുൻ എംഎൽഎ ആണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

കിഷൻഗഞ്ചിലെ റുയിധാസ സ്വദേശിയായ ബെച്‌നിയുമായി ഗൗതമിന് വർഷങ്ങൾ നീണ്ട ബന്ധമാണുള്ളത്. ഗൗതം സബ് ഇൻസ്‌പെക്ടറായിരുന്ന കാലത്ത് ബെച്‌നി വളരെ ചെറിയ പെൺകുട്ടിയായിരുന്നു. അന്നുമുതൽ തുടങ്ങിയ ഈ ബന്ധം' ഡിഎസ്പി ആയ ശേഷവും ഇയാൾ തുടർന്നു. കിഷൻഗഞ്ചിൽ നിന്ന് പലതവണ ബെച്‌നിയെ പാറ്റ്‌നയിലെ തന്റെ വസതിയിലേക്ക് ഗൗതം കൊണ്ടുപോയിട്ടുണ്ട്. ഇവർ ഒന്നിച്ച് പലയിടങ്ങളിലും കറങ്ങിനടക്കുന്നതും പതിവായിരുന്നു. അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ബെച്‌നിയുടെ പേരിലും ഇയാൾ ബിനാമി സ്വത്തുക്കൾ വാരിക്കൂട്ടിയതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

2011-ൽ പശ്ചിമ ബംഗാളിലെ ഇസ്ലാംപൂരിലുള്ള ഘോർ ധപ്പയിൽ പഞ്ചാബ് ദർബാർ ഹോട്ടലിന് സമീപം ഇയാൾ വലിയൊരു ഭൂമി വാങ്ങിയിരുന്നു. പിന്നീട് ഇത് വിറ്റഴിച്ചതായാണ് വിവരം. ഗൗതം കുമാർ പോലീസ് സേനയിലെത്തിയത് തന്നെ ഉന്നത സ്വാധീനം ഉപയോഗിച്ചാണെന്ന സൂചനകളും പുറത്തുവരുന്നു. ഗൗതമിന്റെ അമ്മാവൻ കൃഷ്ണ മോഹൻ ലാൽ കിഷൻഗഞ്ചിൽ എഡിഎം ആയി ജോലി ചെയ്തിരുന്ന സമയത്താണ് ഗൗതം അവിടെ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത്. 1994-ൽ ബീഹാർ പോലീസിൽ സബ് ഇൻസ്‌പെക്ടറായി ഗൗതമിന് ജോലി ലഭിക്കുന്നതിൽ പരേതനായ ഈ അമ്മാവൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ബീഹാർ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മാർച്ച് 29-നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ മാർച്ച് 31-ന് ഗൗതമിന്റെ ഓഫീസ്, പാറ്റ്‌നയിലെയും പൂർണിയയിലെയും വീടുകൾ, തറവാട് വീട് തുടങ്ങി ആറിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.

നിലവിൽ കിഷൻഗഞ്ചിലും പൂർണിയയിലും ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം ഇയാളുടെ ബിനാമി സ്വത്തുക്കളെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്. ഏപ്രിൽ 6-ന് പാറ്റ്‌നയിലെ ഓഫീസിൽ വെച്ച് ഗൗതമിനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഇയാളുടെ മറുപടികളിൽ ഉദ്യോഗസ്ഥർ തൃപ്തരല്ല. പല ചോദ്യങ്ങളിൽ നിന്നും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സാഹചര്യത്തിൽ ഗൗതമിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ കണക്കിലെടുത്ത് ബീഹാർ സർക്കാർ ഗൗതം കുമാറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.