വളാഞ്ചേരി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് അഞ്ചരപ്പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മൽ (21) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയുടെ സ്വർണം തട്ടിയെടുത്ത ശേഷം ഇയാൾ സാമൂഹികമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.

പ്രതി തന്റെ പിതാവ് സ്വർണവ്യാപാരിയാണെന്നും പെൺകുട്ടിക്ക് പുതിയ മാല പണിയിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ വശീകരിച്ചത്. തുടർന്ന്, പുതിയ മാലയുടെ ചിത്രം ശേഖരിക്കാനും വീടിന്റെ ലൊക്കേഷൻ അറിയാനുമായി അജ്മൽ പെൺകുട്ടിക്ക് സന്ദേശമയച്ചു. മാതാപിതാക്കൾ അറിയാതെ അവരുടെ സ്വർണമാലയെടുത്ത പെൺകുട്ടി, അതിന്റെ ചിത്രവും ലൊക്കേഷനും പ്രതിക്ക് അയച്ചുനൽകി. പിന്നീട് വീട്ടിലെത്തിയ അജ്മലിന് ജനലിലൂടെ സ്വർണമാല കൈമാറിയെന്നും പിന്നീട് ഇയാൾ ഒളിവിൽ പോകുകയുമായിരുന്നു എന്നും പോലീസ് പറഞ്ഞു.

തട്ടിപ്പ് മനസ്സിലാക്കിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് വളാഞ്ചേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുമ്പ് കൽപ്പകഞ്ചേരി സ്വദേശിനിയെയും സമാനരീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്നും ഈ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് നടത്തിയതെന്നും പോലീസ് അറിയിച്ചു.

കൽപ്പകഞ്ചേരി, തിരൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്. മലപ്പുറം പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വളാഞ്ചേരി സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.