- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഊര്‍ജ്ജിതമാകുമ്പോള്‍ ഉന്നതര്‍ക്ക് നെഞ്ചിടിക്കുന്നു. കേസിലെ അന്വേഷണം ഇനിയും ഉന്നതരിലേക്ക് നീങ്ങുമെന്നാമണ് സൂചനകള്‍. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ അറസ്റ്റു ചെയ്തത് ഇതില്‍ നിര്‍ണായകമാണ്. ഇതിലൂടെ കേസില്‍ രാഷ്ട്രീയക്കാരടക്കം ഉന്നതരുടെ പങ്കിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി.
ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്ത് ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രീകുമാറിന്റെ മൊഴി. ഈ മൊഴി ആരിലേക്ക് നീങ്ങുമെന്നാണ ഇനി കണ്ടറിയേണ്ടത്.
2019ല്‍ ദ്വാരപാലക ശില്പപാളികള്‍ സ്വര്‍ണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാര്‍. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ദ്വാരപാലക ശില്പക്കേസില്‍ ആറാം പ്രതിയാണ്. കേസില്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് മുന്‍ പ്രസിഡന്റുമാരടക്കം നേരത്തെ അറസ്റ്റിലായിരുന്നു.ചെമ്പ് തകിടുകള്‍ എന്നെഴുതിയ മഹസറില്‍ ശ്രീകുമാര്‍ സാക്ഷിയായി ഒപ്പിട്ടെന്നും സ്വര്‍ണപ്പാളികള്‍ 2019 സെപ്തംബര്‍ 11ന് തിരികെ എത്തിച്ചപ്പോള്‍ തൂക്കം നോക്കാതെ മഹസര്‍ തയ്യാറാക്കിയെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയും നാലാം പ്രതിയുമായ എസ്. ജയശ്രീ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടുന്നതിനായി 2019 ജൂലായ് 19ന് തയ്യാറാക്കിയ മഹസറില്‍ സാക്ഷിയായി ഒപ്പിടുക മാത്രമായിരുന്നു എന്നാണ് ശ്രീകുമാറിന്റെ മൊഴി. അതിനു രണ്ടു ദിവസം മുമ്പാണ് സ്ഥലം മാറിയെത്തിയത്. അതിനാല്‍ ക്രമക്കേടില്‍ പങ്കില്ലെന്നും മൊഴി നല്‍കി. എന്നാല്‍, ഗുരുതരമായ ഉത്തരവാദിത്വ ലംഘനം കാട്ടിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു. അമൂല്യ വസ്തുക്കളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ മഹസറിലെ ഉള്ളടക്കം പരിശോധിക്കുകയും സംശയം തീര്‍ക്കുകയും ചെയ്യേണ്ടിയിരുന്നു എന്നും വിലയിരുത്തുന്നു.
സ്‌പോണ്‍സര്‍ ഉണ്ണകൃഷ്ണന്‍പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.




